Uncategorized

ഐആര്‍ജിസിയുടെ കുദ്സ് ഫോഴ്സിന്റെ നാല് കമാന്‍ര്‍മാരെ വധിച്ചെന്ന് ഇസ്രയേല്‍; 16 വിമാനങ്ങള്‍ തകര്‍ത്തതായും അവകാശവാദം

Spread the love

 

ഐആര്‍ജിസിയുടെ പ്രധാന കമാന്‍ഡര്‍മാരെ വധിച്ചതായി ഇസ്രയേല്‍. ബെയ്റൂട്ടിലെ ഹോട്ടലിലേക്ക് ഇന്നു പുലര്‍ച്ചെ നടത്തിയ ആക്രമണത്തിലാണ് ഐആര്‍ജിസിയുടെ കുദ്സ് ഫോഴ്സിന്റെ നാല് കമാന്‍ര്‍മാരെ വധിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അറിയിക്കുന്നു.

 

 

കുര്‍ദ് ഫോഴ്‌സ് എന്നത് ഐആര്‍ജിസിയുടെ വിദേശ പ്രവര്‍ത്തന വിഭാഗമാണ്. ഇവര്‍ ഇസ്രയേലിനും പൗരന്മാര്‍ക്കുമെതിരെ ഭീകരാക്രമണം നടത്തി എന്നാണ് ഐഡിഎഫ് ആരോപിക്കുന്നത്. ഇറാനിയന്‍ ഭീകര ഭരണകൂടത്തിന്റെ കമാന്‍ഡര്‍മാരെ അവര്‍ പ്രവര്‍ത്തിക്കുന്നയിടത്തെല്ലാമെത്തി ഇല്ലാതാക്കുന്നത് തുടരുമെന്നും ഐഡിഎഫ് പ്രസ്താവനയില്‍ അറിയിച്ചു.

 

ഐആര്‍ജിസിയുടെ ഖുദ്സ് ഫോഴ്സിന്റെ 16 വിമാനങ്ങള്‍ തകര്‍ത്തതായും ഇസ്രയേല്‍ അറിയിച്ചു. മെഹ്റാബാദ് വിമാനത്താവളത്തിലടക്കം നടത്തിയ ആക്രമണങ്ങളിലാണ് വിമാനങ്ങള്‍ തകര്‍ത്തതെന്ന് ഇസ്രയേല്‍ വ്യക്തമാക്കുന്നു.

 

അതിനിടെ, അമേരിക്കന്‍ സൈനികരെ പിടികൂടിയെന്ന ഇറാന്റെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ തലവന്‍ അലി ലാരിജാനിയുടെ അവകാശവാദം അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് തള്ളി. ഇതുവരെ ഒരു സൈനികനും ഇറാന്റെ തടവിലായിട്ടില്ലെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

 

ഇറാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാന്‍ സൈന്യത്തെയും ഭരണകൂടത്തെയും പൂര്‍ണ്ണമായും തുടച്ചുനീക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ആക്രമണം തുടരുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ്‌സ് പറഞ്ഞിരുന്നു.

 

അതിനിടെ ടെഹ്‌റാനിലെ എണ്ണ സംഭരണ കേന്ദ്രം ഇസ്രയേല്‍ ആക്രമിച്ചു.ഐ ആര്‍ ജി സി യുടെ നിയന്ത്രണത്തിലുള്ള കേന്ദ്രമാണ് ആക്രമിച്ചതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. മധ്യപൂര്‍വേഷ്യയിലേക്ക് രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ അയയ്ക്കുന്നതിനെക്കുറിച്ച് ബ്രിട്ടന്‍ ഒടുവില്‍ ചിന്തിച്ചു തുടങ്ങിയെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. യുദ്ധം വിജയിച്ചതിനുശേഷം യുദ്ധങ്ങളില്‍ ചേരുന്ന ആളുകളെ ആവശ്യമില്ലെന്നും ട്രൂത്ത് സോഷ്യലില്‍ ഡോണള്‍ഡ് ട്രംപിന്റെ പരിഹാസം.