ഇരവിപുരത്ത് വിഷ്ണുമോഹൻ RSP സ്ഥാനാർത്ഥിയാകും; തീരുമാനം ഷിബു ബേബി ജോണിന്റെ രാജി ഭീഷണിക്ക് വഴങ്ങി
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരവിപുരത്ത് വിഷ്ണുമോഹൻ RSP സ്ഥാനാർത്ഥിയാകും. ഷിബു ബേബി ജോണിന്റെ കടുംപിടുത്തത്തിന് വഴങ്ങിയാണ് വിഷ്ണു മോഹനനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. വിഷ്ണുവിനെ സ്ഥാനാർത്ഥി ആക്കിയില്ലെങ്കിൽ പാർട്ടി വിടുമെന്ന് ഷിബു ഭീഷണി മുഴക്കി.നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കുക എന്ന ഒറ്റ ലക്ഷ്യമേയുള്ളൂവെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ഏതു പാർട്ടിയിലും ഉണ്ടാകുന്ന തർക്കങ്ങളെ ഉണ്ടായിട്ടുള്ളൂ. നിലനിൽപ്പിന്റെ പോരാട്ടമാണ്. അത് തിരിച്ചറിഞ്ഞു കൊണ്ടാണ് ചർച്ച ചെയ്തത്.
ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി ചില പേരുകൾ നിർദ്ദേശിക്കപ്പെട്ടു. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക യുഡിഎഫ് മുന്നണിയുമായി ചർച്ച ചെയ്‌തെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. സെക്രട്ടറിയേറ്റിൽ ഭൂരിപക്ഷം ലഭിച്ചിട്ടും കാർത്തിക് പ്രേമചന്ദ്രനെ ഷിബു ബേബി ജോൺ അംഗീകരിച്ചില്ല. സമവായ സ്ഥാനാർത്ഥി വരട്ടെ എന്ന് ആവശ്യം. സമവായ സ്ഥാനാർത്ഥിയായി RYF നേതാവ് വിഷ്ണുമോഹന്റെ പേര് നിർദ്ദേശിച്ചു.
യുഡിഎഫിന്റെ ഭാഗമായി ആർഎസ്പി മത്സരിക്കുന്ന അഞ്ച് സീറ്റുകളിൽ ഏറ്റവും നിർണായകമായ ഒന്നാണ് ഇരവിപുരം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും സിപിഐഎമ്മിനോട് പരാജയപ്പെട്ട ഈ സീറ്റ് തിരിച്ചുപിടിക്കുക എന്നത് ആർഎസ്പിയുടെ രാഷ്ട്രീയ നിലനിൽപ്പിന് അത്യാവശ്യമാണ്.നേരത്തെ മുസ്ലിം ലീഗ് മത്സരിച്ചിരുന്ന ഈ സീറ്റ് ആർഎസ്പി ഏറ്റെടുത്ത ശേഷം രണ്ടു തവണയും പരാജയപ്പെട്ടിരുന്നു. വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ നിർത്തണമെന്ന സമ്മർദ്ദം ശക്തമായതോടെയാണ് വിഷയം ജില്ലാ കമ്മിറ്റിയുടെ പരിഗണനയ്ക്ക് എത്തിയത്.
ഇരവിപുരത്ത് പുതുമുഖത്തെ അവതരിപ്പിക്കണമെന്ന താല്പര്യത്തിലാണ് ഒരു വിഭാഗം കാർത്തിക്കിന്റെ പേര് നിർദ്ദേശിച്ചത്. എന്നാൽ കാർത്തിക്കിന് രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം കുറവാണെന്നും പരിഗണിക്കപ്പെടേണ്ട മറ്റ് നേതാക്കൾ പാർട്ടിയിലുണ്ടെന്നുമാണ് എതിർക്കുന്നവരുടെ വാദം. കഴിഞ്ഞ ദിവസം ചേർന്ന ഇരവിപുരം മണ്ഡലം കമ്മിറ്റിയിൽ നടന്ന വോട്ടെടുപ്പിൽ ഭൂരിപക്ഷം പേരും പിന്തുണച്ചത് മണ്ഡലം സെക്രട്ടറി എൻ. ഔഷാദിനെയാണ്.
