Uncategorized

ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും പോര്, ബിജു മേനോന് പിഴയിട്ട് നിര്‍മ്മാതാക്കളുടെ സംഘടന

Spread the love

വിവാദങ്ങളിലൊന്നും പെടാത്ത താരമായിരുന്നു ബിജു മേനോന്‍. ഒരു കോക്കസിലും അംഗവുമായിരുന്നില്ല താരം. എന്നാലിതാ സിനിമാ പ്രമോഷനില്‍ നിന്നും വിട്ടുനിന്നതിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സിനിമാ നിര്‍മാതാക്കളുടെ സംഘടന രംഗത്തുവന്നിരിക്കുകയാണ്. ബിജു മേനോന്‍ നായകനായ ‘നടന്ന സംഭവം’ എന്ന സിനിമയുടെ പ്രചരണ പരിപാടികളില്‍ നിന്നും വിട്ടുനിന്നുവെന്നും, അതിനാല്‍ തനിക്ക് 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും കാണിച്ച് നിര്‍മ്മാതാവായ അനൂപ് കണ്ണന്‍ സിനിമ സംഘടനകളില്‍ പരാതിയുമായി എത്തുകയായിരുന്നു. (Fight in Malayalam cinema producer’s association fines Biju Menon)സിനിമാസാങ്കേതിക പ്രവര്‍ത്തകരുടെ ഫെഫ്ക ജന.സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് ആദ്യം രംഗത്തെത്തിയത്. പിന്നീട് സിനിമയുടെ നിര്‍മ്മാതാവ് അനൂപ് കണ്ണനും ബിജു മേനോനെതിരെ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതിയുമായി എത്തിയതോടെ വിവാദം കൊഴുത്തു. പരാതിയില്‍ കഴമ്പുണ്ടെന്നും, ബിജു മേനോന്‍ നിര്‍മ്മാതാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാകം നല്‍കണമെന്നുമാണ് സിനിമാ നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ബിജുമേനോനെ ബഹിഷ്‌ക്കരിക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ നിലപാടുകളിലേക്ക് പോകാനും നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുകയാണ്.ഇതാദ്യമായാണ് നിര്‍മാതാക്കളുടെ സംഘടന ഒരു പ്രധാന നായകനടനെതിരെ ഇത്തരം കര്‍ശന നിലപാടുമായി രംഗത്തെത്തുന്നത്. സിനിമകളില്‍ മുഖ്യവേഷം കൈകാര്യം ചെയ്യുന്ന താരങ്ങള്‍ സിനിമാ പ്രമോഷനുമായി സഹകരിക്കുന്നില്ലെന്ന് കഴിഞ്ഞ വര്‍ഷം പരാതികള്‍ ഉയര്‍ന്നിരുന്നു. സിനിമയില്‍ അഭിനയിച്ച് പറഞ്ഞുറപ്പിച്ച പണം കൈപ്പറ്റിക്കഴിഞ്ഞാല്‍ പിന്നെ സിനിമയുമായി സഹകരിക്കാതിരിക്കുകയെന്നതാണ് ചില താരങ്ങളുടെ നിലപാട്. ബിജു മേനോനെതിരെ ഫിലിം പ്രൊഡ്യൂസേഴ്സ് പിഴ ചുമതത്തിയത്, വരും നാളുകളില്‍ മറ്റു താരങ്ങള്‍ക്കുള്ള താക്കീതായാണ് സിനിമാ ലോകം വിലയിരുത്തുന്നത്. സിനിമകളുടെ പ്രചരണവുമായി താരങ്ങള്‍ സഹകരിക്കാതെ വന്നാല്‍ അവരെ വരും പ്രൊജക്റ്റുകളില്‍ സഹകരിപ്പിക്കേണ്ടതില്ലെന്നാണ് പ്രൊഡ്യൂസേഴ് അസോസിയേഷന്റെ നിലപാട്. ആവശ്യപ്പെടുന്ന അത്രയും വേതനം നല്‍കിയാണ് താരങ്ങളെ സിനിമയില്‍ അഭിനയിപ്പിക്കുന്നത്. അഭിനയവും പ്രമോഷനും ഉള്‍പ്പെടെയാണ് വേതനം ഉറപ്പിക്കാറ്. താരങ്ങളും നിര്‍മ്മാതാവും തമ്മില്‍ ഉണ്ടാകുന്ന രേഖാമൂലം നല്‍കുന്ന കരാര്‍ പ്രകാരം പ്രമോഷന്‍ പരിപാടികളില്‍ നിന്നും മാറുന്നത് ഉചിതമല്ല.

താരങ്ങളുടെ വേതനം കുറയ്ക്കുന്നതുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ നേരത്തെയും നിര്‍മ്മാതാക്കളുടെ സംഘട മുന്നോട്ടുവച്ചിരുന്നുവെങ്കിലും താരസംഘടന ഇക്കാര്യത്തില്‍ വ്യക്തമായൊരു നിലപാട് സ്വീകരിച്ചിരുന്നില്ല. താരങ്ങള്‍ വേതനം കുറച്ചില്ലെങ്കില്‍ സിനിമാ ചിത്രീകരണം നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ നിലപാട് സ്വീകരിക്കുമെന്ന പ്രഖ്യാപനം സിനിമാ മേഖലയില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സിനിമകളില്‍ ഭൂരിഭാഗവും ബോക്സോഫീസില്‍ തകര്‍ന്നുവീഴുകയാണെന്നായിരുന്നു നിര്‍മ്മാതാക്കള്‍ നിരന്തരമായി ഉയര്‍ത്തിയ പരാതി.

കഴിഞ്ഞ വര്‍ഷം ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് പ്രൊഡ്യൂസേഴ്സ് അസോസിയയേഷന്റെയും ഫെഫ്കയുടേയും മുന്നിലെത്തിയത്. സിനിമകളുടെ ഷൂട്ട് വൈകുന്നതുള്‍പ്പെടെയുള്ള നിരവധി ആരോപണങ്ങളാണ് താരങ്ങള്‍ക്കെതിരെ ഉയരുന്നതെന്നും, സിനിമയുടെ പ്രമോഷനില്‍ പങ്കെടുക്കാത്ത നടീനടന്മാര്‍ വന്‍ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നുമായിരുന്നു ബി ഉണ്ണികൃഷ്ണന്റെ ആരോപണം. ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഒരു ചാനലില്‍ അഭിമുഖത്തിന് പങ്കെടുക്കാനുള്ള കരാര്‍ ബിജു മേനോന്‍ ലംഘിച്ചുവെന്നതാണ് അസോസിഷനെ ചൊടിപ്പിച്ചത്. നിര്‍മ്മാതാവുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം സിനിമയുടെ പ്രമോഷന് സഹകരിക്കാന്‍ ബിജു മേനോന്‍ തയാറാകേണ്ടതായിരുന്നു. എന്നാല്‍, താരം അതിന് തയാറായില്ല. ഇതോടെയാണ് നിര്‍മ്മാതാക്കള്‍ നിലപാട് കടുപ്പിക്കാന്‍ തീരുമാനിക്കുന്നത്.

സിനിമയില്‍ കോടികള്‍ നഷ്ടമാവുമ്പോഴും താരങ്ങള്‍ സിനിമാ വ്യവസായത്തിന് അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നതെന്നായിരുന്നു നേരത്തെ ഉയര്‍ന്ന പ്രധാന ആരോപണം. കഴിഞ്ഞ വര്‍ഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേതാവായ ജി സുരേഷ് കുമാറും താരസംഘടനാ നേതാക്കളും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും സിനിമാ ചിത്രീകരണം നിര്‍ത്തി വെക്കുന്നതുള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷമായിട്ടും താരങ്ങളുടെ വേതനം കുറയ്ക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ബിജു മേനോന് പിഴ ചുമത്തിയ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തില്‍ താര സംഘടനയായ അമ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല. 15 ലക്ഷം രൂപ അനൂപ് കണ്ണന് നല്‍കണമെന്ന നിര്‍ദേശത്തില്‍ ബിജു മേനോനും ഇതുവരെ പ്രതികരിച്ചിട്ടില്ല. നിര്‍മ്മാതാക്കളുടെ സംഘടന നടപടികള്‍ കടുപ്പിക്കാനാണ് സാധ്യത. ഇതോടെ സിനിമാ മേഖലയില്‍ വീണ്ടും തര്‍ക്കങ്ങളും പോരും വര്‍ധിക്കാനാണ് സാധ്യത.