Friday, April 17, 2026
Latest:
Uncategorized

‘ശശി തരൂരിന് പാർട്ടിയുമായി സംസാരിക്കാൻ ഞാൻ ഇടപെട്ടെന്നൊക്കെ പറഞ്ഞാൽ, ഞാൻ അത്രയ്ക്ക് വലുതായിട്ടില്ല’: ഷാഫി പറമ്പിൽ

Spread the love

ശശി തരൂർ വിഷയത്തിൽ അനുനയ നീക്കത്തിന് താൻ ഭാഗമായി എന്ന വാർത്ത തെറ്റെന്ന് ഷാഫി പറമ്പിൽ എം പി. സീനിയർ നേതാവാണ് ശശി തരൂർ. ആ വിഷയം അവസാനിച്ചതാണ്. അവർ തന്നെ പറഞ്ഞു തീർത്തതാണ്.ശശി തരൂരിനെ അനുനയിപ്പിച്ചതിൽ തനിക്ക് റോളില്ല. തരൂർ പ്രവർത്തക സമിതി അംഗമാണ്. മുതിർന്ന നേതാക്കളാണ് സംസാരിച്ചത്. തനിക്ക് അതിനുള്ള വലിപ്പമില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

അതേസമയം പാർലമെന്റ് മന്ദിരത്തിലെ ഓഫീസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തരൂരുമായി കൂടിക്കാഴ്ചനടത്തി. ഏറെ നാളായി കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ നേതാക്കൾ പറഞ്ഞു തീർത്തു.

താൻ അധികാരമോഹിയല്ലയെന്നും വിമതനാകാനില്ലെന്നും കേന്ദ്ര നേതൃത്വവുമായുള്ള കൂട്ടിക്കാഴ്ചയിൽ ശശി തരൂർ വ്യക്തമാക്കി. കേരളത്തിലെയും കേന്ദ്രത്തിലെയും ചില നേതാക്കൾ തന്നെ ശത്രുവായി കണ്ടുവെന്നും തരൂർ ഖാർഗയോടും രാഹുലിനോടും വ്യക്തമാക്കി. തന്നെ കേരളത്തിൽ മുഖ്യമന്ത്രി പദവി മോഹിക്കുന്നയാളായി ചിത്രീകരിച്ചു, തനിക്ക് മുഖ്യമന്ത്രി മോഹം ഇല്ലായിരുന്നുവെന്നും തരൂർ പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നുള്ള എംപിയാണ് താന്‍. ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും ശശി തരൂര്‍ വ്യക്തമാക്കിയെന്നാണ് വിവരം. കേരളത്തിലെ തിരഞ്ഞെടുപ്പ് നിര്‍ണായകമെന്നും നേതാക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും രാഹുല്‍ഗാന്ധി കൂടിക്കാഴ്ചയില്‍ തരൂരിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. അനുനയ നീക്കത്തിന് പിന്നാലെ തരൂര്‍ ഇന്ന് കെപിസിസി ആസ്ഥാനത്ത് എത്തി. മഹാത്മാ ഗാന്ധി രക്തസാക്ഷി അനുസ്മരണത്തില്‍ പങ്കെടുത്തു.