റിപ്പബ്ലിക് ദിനത്തോടുള്ള ആദരസൂചകമായി നോണ്‍ വെജ് വില്‍പ്പന നിരോധിച്ച് ഒഡിഷയിലെ ഒരു പ്രദേശം; വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചു
റിപ്പബ്ലിക് ദിനത്തോടുള്ള ആദരസൂചകമായി ഒഡിഷയിലെ കോരാപുട്ട് ജില്ലയില്‍ മാംസാഹാരത്തിന്റെ വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് ജില്ലാ മജിസ്‌ട്രേറ്റ് പിന്‍വലിച്ചു. ഉത്തരവ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചകള്‍ക്ക് വഴിവച്ച പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം തീരുമാനത്തില്‍ നിന്ന് മലക്കം മറിഞ്ഞത്. എല്ലാത്തരത്തിലുള്ള മാംസങ്ങളുടേയും മുട്ടയുടേയും മത്സ്യങ്ങളുടേയും വില്‍പ്പനയാണ് കോരാപുട്ട് ജില്ലയില്‍ നിരോധിച്ചിരുന്നത്. (Odisha district withdraws non-veg sale ban on Republic Day).റിപ്പബ്ലിക് ഒരുക്കങ്ങള്‍ക്കുള്ള ജില്ലാ കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ റിപ്പബ്ലിക് ദിനത്തോടുള്ള ആദരസൂചകമായി മാംസാഹാര വില്‍പ്പന നിരോധിച്ചത് എന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. പിന്നീട് വിവിധ യോഗങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം ഈ ഉത്തരവ് ഉടനടി പിന്‍വലിക്കുന്നുവെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. ജില്ലാ മജിസ്‌ട്രേറ്റ് മനോജ് സത്യവാന്‍ മഹാജന്റെ പേരിലായിരുന്നു ഉത്തരവ്. ഉത്തരവ് പാലിക്കാന്‍ എല്ലാ തഹസീല്‍ദാര്‍മാര്‍ക്കും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.ഒഡിഷയിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഈ ഉത്തരവ് ഭരണകൂടം ഭക്ഷണ സ്വാതന്ത്യത്തിന്മേല്‍ നടത്തുന്ന കടന്നുകയറ്റമായി സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ വിലയിരുത്തിയിരുന്നു. ഉത്തരവ് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും റിപ്പബ്ലിക് ദിനത്തിനോട് ആദരവ് കാണിക്കാന്‍ ഇങ്ങനെയൊരു കാര്യം തങ്ങള്‍ക്ക് കേട്ടുകേള്‍വിയില്ലെന്നും പ്രദേശവാസികളും പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
