KeralaTop News

ചരക്ക് കപ്പലിലെ തീപിടുത്തത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്; രക്ഷപ്പെടുത്തിയ 18 പേരെ മംഗളൂരു തുറമുഖത്തെത്തിക്കും

Spread the love

ബേപ്പൂര്‍ തീരത്തിന് സമീപം അറബിക്കടലില്‍ ചരക്ക് കപ്പലിലുണ്ടായ വന്‍ തീപിടുത്തം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നിയന്ത്രണവിധേയമാക്കാനായില്ല.
കപ്പലിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ 18 പേരെ മംഗളൂരു തുറമുഖത്തെത്തിക്കും. ഇതില്‍ രണ്ട് പേരുടെ പരുക്ക് ഗുരുതരമെന്നാണ് വിവരം. രാത്രി 10 മണിയോടെ ഇവരെ മംഗളൂരുവില്‍ എത്തിക്കുമെന്നാണ് വിവരം

22 പേരില്‍ നാല് പേരെയാണ് കാണാതായത്. കൊളംബോയില്‍ നിന്ന് നവി മുംബൈയിലേക്ക് പോയ സിംഗപ്പൂര്‍ കപ്പലാണ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അറബിക്കടലില്‍ അപകടത്തില്‍പ്പെട്ടത്. നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും നേതൃത്വത്തിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. കപ്പലിലുള്ളത് നാല് തരം രാസവസ്തുക്കളെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യപ്റ്റന്‍ അരുണ്‍കുമാര്‍ പറഞ്ഞു. കപ്പലില്‍ നിന്ന് ഇരുപതോളം കണ്ടെയ്‌നറുകള്‍ കടലിലേക്ക് പതിച്ചെന്നാണ് റിപ്പോര്‍ട്ട്.

കേരളതീരത്ത് ആഘാതമില്ലെങ്കിലും ബേപ്പൂര്‍, കൊച്ചി, തൃശൂര്‍ തീരങ്ങളില്‍ മീന്‍പിടുത്തം വിലക്കുണ്ട്. കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കള്‍ എന്തെന്ന് വെളിപ്പെടുത്തണമെന്ന് കപ്പല്‍ ഉടമകള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് നിര്‍ദ്ദേശം നല്‍കി. വസ്തുക്കളുടെ സ്വഭാവം എന്താണെന്ന് അറിയിക്കണം. അഗ്നി്‌നിശമന സംവിധാനങ്ങള്‍ എത്തിക്കണം. ഓരോ രണ്ടു മണിക്കൂറിലും സാഹചര്യം അറിയിക്കണം – എന്നൊക്കെയാണ് നിര്‍ദേശം.