NationalTop News

‘ട്രംപ് നരേന്ദ്ര കീഴടങ്ങ് എന്ന് പറഞ്ഞു, പ്രധാനമന്ത്രി യെസ് സർ പറഞ്ഞ് അനുസരിച്ചു’; പരിഹാസവുമായി രാഹുൽ ​ഗാന്ധി

Spread the love

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുൽ ​ഗാന്ധി. അമേരിക്കൻ‌ പ്രസിഡ‍ന്റ് പറഞ്ഞതനുസരിച്ചാണ് പാകിസ്താനെതിരായ നടപടി പ്രധാനമന്ത്രി അവസാനിപ്പിച്ചതെന്ന് രാഹുൽ ആരോപിച്ചു. ട്രംപ് മോദിയെ വിളിച്ച് നരേന്ദ്ര കീഴടങ്ങ് എന്ന് പറഞ്ഞെന്നും പ്രധാനമന്ത്രി യെസ് സർ പറഞ്ഞു അനുസരിച്ചു എന്നും രാഹുൽ പറഞ്ഞു. ഭോപ്പാലിലെ പൊതു പരിപാടിയിൽ ആണ് പരാമർശം.

“ട്രംപിൽ നിന്നും നരേന്ദ്രജിയിൽ നിന്നും ഉടൻ കീഴടങ്ങാൻ ആഹ്വാനം വന്നു… ചരിത്രം ഇതിന് സാക്ഷിയാണ്. ഇതാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും സ്വഭാവം” എന്നാണ് രാഹുൽ പറഞ്ഞത്. 1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. അമേരിക്കയുടെ ഭീഷണി ഉണ്ടായിരുന്നിട്ടും ഇന്ത്യ 1971-ൽ പാകിസ്താനെ തകർത്തു എന്ന് രാഹുൽ പറഞ്ഞു.

ഈ യുദ്ധമാണ് ബംഗ്ലാദേശിന്റെ വിമോചനത്തിന് കാരണമായത്. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ് ഇത് നടന്നത്. “അമേരിക്കയുടെ ഭീഷണി വകവയ്ക്കാതെ 1971-ൽ ഇന്ത്യ പാകിസ്ഥാനെ തകർത്തു. കോൺഗ്രസിലെ സിംഹങ്ങൾ വൻശക്തികൾക്കെതിരെ പോരാടുകയും ഒരിക്കലും തലകുനിക്കുകയുമില്ല.” രാഹുൽ ​ഗാന്ധി പറഞ്ഞു.

ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിന് താൻ മധ്യസ്ഥത വഹിച്ചെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ട്രംപിന്റെ അവകാശവാദങ്ങളെ ഇന്ത്യ തള്ളുകയും ചെയ്തിരുന്നു. അതേസമയം രാഹുലിന് മറുപടിയുമായി ബിജെപി രം​ഗത്തെത്തി. രാഹുൽ സംസാരിക്കുന്നത് പാകിസ്താന്റെ ഐഎസ്ഐയുടെ ഭാഷയെന്ന് ബിജെപി വക്താവ് തുഹിൻ സിൻഹ പറഞ്ഞു. രാഹുൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിജെപി പറഞ്ഞു.