‘മുസ്ലിം പെൺകുട്ടികളെ തട്ടമിടീക്കാൻ വ്യഗ്രത കാണിക്കുന്ന കെയറിങ് ഇക്കമാർക്ക് പ്ലാറ്റ്ഫോം കൊടുക്കുന്നത് പുരോഗമനമല്ല’; ഇൻഡിപെൻഡന്റ് മുന്നണിക്കെതിരെ പി. സരിൻ
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ വിദ്യാർഥി സംഘടനയായ ഇൻഡിപെൻഡന്റ് മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി ഇടത് സഹയാത്രികനായ പി. സരിൻ. കോളേജ് ഇലക്ഷനിൽ രണ്ട് പതിറ്റാണ്ടുകൾക്കു ശേഷം 2 ജനറൽ പോസ്റ്റിലേക്ക് എസ്എഫ്ഐ വിജയിച്ചതിൽ അഭിനന്ദിച്ച് പ്രസിദ്ധീകരിച്ച പോസ്റ്റിലാണ് സരിൻ ഇൻഡിപെൻഡന്റ് മുന്നണിയെ രൂക്ഷമായി വിമർശിച്ചത്.
വർഗീയ കക്ഷികളുടെ താത്പര്യങ്ങൾക്ക് വഴങ്ങി വിദ്യാർഥി രാഷ്ട്രീയത്തിൽ കടിച്ച് തൂങ്ങാൻ ശ്രമിക്കുന്ന വെറും തട്ടിക്കൂട്ട് സംഘമായി ഇന്നത്തെ ഇൻഡിപെൻഡന്റ് മുന്നണി മാറിയിരിക്കുന്നുവെന്ന് സരിൻ പറഞ്ഞു. മുന്നണിയുടെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കോളജ് യൂണിയൻ ചെയർമാൻ എന്ന നിലയിലാണ് തന്റെ വിമർശനമെന്നും സരിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
