‘ഇത് സഖാവ് കുഞ്ഞാലിയുടെ മണ്ണാണ്, വെല്ലുവിളിച്ചവരോടും ധൈര്യം അളക്കാൻ വന്നവരോടും ഒരു വാക്ക്: നിങ്ങളുടെ കണ്ണിൽ തെളിഞ്ഞ ആ ഭയമുണ്ടല്ലോ, അവിടെ തുടങ്ങുന്നു നിങ്ങളുടെ പരാജയം’: പി സരിൻ
നിലമ്പൂർ സ്ഥാനാർത്ഥി എം സ്വരാജിന് ആശംസയുമായി എൽഡിഎഫ് നേതാവ് പി സരിൻ. ഫേസ്ബുക്കിലൂടെയാണ് പി സരിൻ കുറിപ്പ് പങ്കുവച്ചത്. നിലമ്പൂരിന്റെ സ്വരാജ് എന്ന് എഴുതിയ പോസ്റ്ററും അദ്ദേഹം കുറിപ്പിനിപ്പം പങ്കുവച്ചു. ഇത് സഖാവ് കുഞ്ഞാലിയുടെ മണ്ണാണ്. വെല്ലുവിളിച്ചവരോടും കമ്മ്യൂണിസ്റ്റുകാരൻ്റെ ധൈര്യം അളക്കാൻ വന്നവരോടും ഒരു വാക്ക്.
എത്രയൊക്കെ മൂടിവെച്ചാലും മറച്ചുപിടിച്ചാലും നിങ്ങളുടെ കണ്ണിൽ തെളിഞ്ഞ ആ ഭയമുണ്ടല്ലോ, ഉള്ളിൽ നിറഞ്ഞ ആ ഭീതിയുണ്ടല്ലോ. അവിടെ തുടങ്ങുന്നു നിങ്ങളുടെ രാഷ്ട്രീയത്തിൻ്റെ പരാജയം. ബാക്കി നിലമ്പൂർ പറയുമെന്നും പി സരിൻ ഫേസ്ബുക്കിൽ കുറിച്ചു. പി സരിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ എ എ റഹീം എം പി കമന്റുമായി എത്തി. നമ്മൾ ജയിക്കും എന്നായിരുന്നു എ എ റഹീമിന്റെ കമന്റ്.
അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജിന് മണ്ഡലത്തിൽ ആവേശോജ്വല സ്വീകരണം ഒരുക്കി. സ്ഥാനാർഥിയായി സി പി ഐഎം തെരഞ്ഞെടുത്തതിന് ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയതായിരുന്നു അദ്ദേഹം. നിലമ്പൂർ റോഡ് റെയിൽവേ സ്റ്റേഷനിൽ ആദ്ദേഹത്തെ സ്വീകരിക്കാൻ നൂറുകണക്കിന് പേരാണ് എത്തിയത്. പി സരിൻ ഉൾപ്പെടെയുള്ള നേതാക്കൾ റോഡ് ഷോയിൽ പങ്കെടുത്തു.