KeralaTop News

ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് പി വി അന്‍വര്‍ പറയണം, എന്നിട്ട് തീരുമാനമെടുക്കും: വി ഡി സതീശന്‍

Spread the love

പി വി അന്‍വറിന്റെ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് പിന്നാലെ അന്‍വറിന്റെ യുഡിഎഫ് പ്രവേശം സംബന്ധിച്ച് പ്രതികരണവുമായി വി ഡി സതീശന്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് പി വി അന്‍വര്‍ പറയണമെന്നും പിന്തുണ അറിയിച്ചാല്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. അന്‍വറിന് മുന്നില്‍ ഈ ഒറ്റ ഉപാധി മാത്രമേ വയ്ക്കുന്നുള്ളൂവെന്നും സ്ഥാനാര്‍ഥിയെ പിന്തുണച്ച് അദ്ദേഹം പരസ്യപ്രതികരണം നടത്തണമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരെ അന്‍വര്‍ പറയുന്നതൊന്നും കാര്യമാക്കുന്നില്ലെന്നും അതില്‍ മറുപടി പറയാനില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. താന്‍ നേതൃസ്ഥാനത്തിരിക്കുന്ന ആളല്ലേ ഇങ്ങനെ പല വിമര്‍ശനങ്ങളുമുണ്ടാകുമെന്ന് സതീശന്‍ പറഞ്ഞു. താന്‍ ആദ്യം മുതല്‍ എളിമയോടെ വിനീതനായി മുന്നോട്ട് വച്ച ഉപാധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്നത് മാത്രമാണ്. തങ്ങളാരും അന്‍വറിനെ പ്രകോപിപ്പിക്കാന്‍ നിന്നിട്ടില്ല. സ്ഥാനാര്‍ത്ഥിയ്ക്കുള്ള പിന്തുണ സംബന്ധിച്ച് അന്‍വറിന്റെ പ്രതികരണം വന്നശേഷമാണ് ഇങ്ങനെയൊരു ഉപാധിയെങ്കിലും തങ്ങള്‍ മുന്നോട്ടുവച്ചത്. അന്‍വറിന്റെ വിമര്‍ശനത്തെ വ്യക്തിപരമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി വി അന്‍വര്‍ വിഷയത്തില്‍ യുഡിഎഫില്‍ വ്യത്യസ്ത അഭിപ്രായമില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ഇത് മാത്രമല്ല വിഷയം. ഇതുള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളിലും ഒരുമിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. നാളേക്ക് തീരുമാനം ഉണ്ടാകുമെന്ന് പറഞ്ഞത് കുഞ്ഞാലിക്കുട്ടി സാഹിബാണ്. അദ്ദേഹം അതില്‍ പ്രതികരണം നടത്തുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.