KeralaTop News

‘അന്‍വറിനെ തള്ളിക്കളയുന്നില്ല; ചര്‍ച്ചകള്‍ തുടരും’; രമേശ് ചെന്നിത്തല

Spread the love

പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ തീരുമാനം നീളുമ്പോഴും, അന്‍വറുമായി ചര്‍ച്ചകള്‍ തുടരുന്നുവെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല. നേതാക്കള്‍ തമ്മില്‍ ഭിന്നതയില്ലെന്നും നിലമ്പൂരില്‍ ഒന്നിച്ച് പ്രചാരണത്തിന് ഇറങ്ങുമെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ ആഗ്രഹത്തെ പൂര്‍ണമായും പൂര്‍ത്തീകരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയുള്ള എല്ലാവരെയും യോജിപ്പിക്കുക എന്നതാണ് യുഡിഎഫ് എന്നും സ്വീകരിച്ചിട്ടുള്ള സമീപനം. ഈ ഗവണ്‍മെന്റില്‍ നിന്ന് ഒരു മോചനം ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളെയും അണി നിരത്തുക എന്നതാണ് ലക്ഷ്യം. അന്‍വറിന്റെ വിഷയത്തിലും അത് തന്നെയാണ് നിലപാട്. ആ വിഷയം പരിഹരിക്കാന്‍ വേണ്ടി ഞാന്‍ അന്‍വറുമായി സംസാരിച്ചു. അന്‍വര്‍ ഇന്നലെ വേണുഗോപാലുമായി സംസാരിക്കാന്‍ ആഗ്രഹിച്ചു. വേണുഗോപാല്‍ വിളിച്ചിട്ട് അദ്ദേഹത്തെ കിട്ടിയില്ല. ആ സംസാരം ഞങ്ങള്‍ തുടരും. എല്ലാവരും കൂടി യോജിച്ച് പോകാനാണ് തീരുമാനം- അദ്ദേഹം വ്യക്തമാക്കി.

ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. ഇടതുമുന്നണിക്ക് ഇതുവരെ സ്ഥാനാര്‍ഥിയെ പോലും തീരുമാനിക്കാന്‍ സാധിച്ചിട്ടില്ല. ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. അനുകൂലമായ സാഹചര്യമാണ് യുഡിഎഫിനുള്ളത്. അത് ഫലപ്രദമാക്കാന്‍ ഞങ്ങളെല്ലാം ശ്രമിക്കുകയാണ് – അദ്ദേഹം പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരായി പരസ്യമായി നിലപാട് സ്വീകരിച്ച അന്‍വര്‍ അദ്ദേത്തിന്റെ കൂടെ വോട്ട് പിടിക്കാന്‍ പോകുന്ന ദൃശ്യം ഒന്ന് ആലോചിച്ചു നോക്കൂ എന്ന എം വി ജയരാജന്റെ പരിഹാസത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ജയരാജന്‍ സംശയിക്കുകയൊന്നും വേണ്ട. വൈവിധ്യങ്ങളുടെ യോജിപ്പാണ് പലപ്പോഴും രാഷ്ട്രീയം. രാഷ്ട്രീയം ഒരു കലയാണ്. അത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകുക എന്നതാണ് പത്ത് നാല്‍പ്പത് കൊല്ലമായി കേരളത്തിലെ രീതി. മുന്നണി രാഷ്ട്രീയത്തില്‍ വ്യതസ്തതയുള്ള ആളുകളെ ഒരുമിപ്പിച്ചു നില്‍ത്തുന്നില്ലേ? അതൊക്കെ രാഷ്ട്രീയത്തിന്റെ പ്രത്യേകതകളാണ്. അതുകൊണ്ട് ജയരാജന്‍ പേടിക്കണ്ട. ഞങ്ങളെല്ലാം ഒന്നിച്ചു പോകാനാണ് ശ്രമിക്കുന്നത് – രമേശ് ചെന്നിത്തല വ്യക്തമാക്കി.