KeralaTop News

കൂരിയാട് ദേശീയപാത ഇടിഞ്ഞത് കമ്പനിയുടെ വീഴ്ച; 400 മീറ്റര്‍ പാലം നിര്‍മിക്കണം; വിദഗ്ധ സമിതി റിപ്പോര്‍ട്ട്

Spread the love

മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ വിദഗ്ധ സമിതി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിര്‍മ്മാണ കമ്പനിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍. മണ്ണിന്റെ ഗുണനിലവാര പരിശോധന ഉള്‍പ്പടെ നടത്തിയില്ല എന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

പ്രദേശത്തെ മണ്ണ് പരിശോധിച്ചു ഗുണനിലവാരം വിലയിരുത്തിയില്ല. നെല്‍പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടത്തിയില്ല.
ഡിസൈനിങ്ങിലും കാര്യമായ തകരാര്‍ ഉണ്ടായി എന്നുമാണ് വിമര്‍ശനം. വെള്ളം കയറിയതിലൂടെ മണ്ണില്‍ ഉണ്ടായ സമ്മര്‍ദമാണ് റോഡ് തകരാന്‍ കാരണമായത് എന്നാണ് സമിതിയുടെ കണ്ടെത്തല്‍. കമ്പനി പാലം ഒഴിവാക്കി എംബാങ്ക് ഉപയോഗിച്ചത് ചെലവ് കുറക്കാന്‍ ആണെന്നും സമിതി വിലയിരുത്തുന്നു.

കൂരിയാട് ദേശീയപാതയില്‍ സംരക്ഷണ ഭിത്തിയടക്കം തകര്‍ന്ന ഭാഗത്തെ ഒരു കിലോമീറ്ററോളം റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നും,400 മീറ്റര്‍ നീളമുള്ള പാലം നിര്‍മ്മിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. കൂരിയാട് അണ്ടര്‍പാസിനെ വയലിന്റെ മധ്യത്തിലുള്ള അണ്ടര്‍പാസുമായി ബന്ധിപ്പിച്ച് പാലം നിര്‍മ്മിക്കാനാണ് നിര്‍ദ്ദേശം.അതേസമയം, ദേശീയപാത 66ല്‍ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്ന അശാസ്ത്രീയമായ നിര്‍മ്മാണത്തിനെതിരെ കാസര്‍ഗോഡ് ഡിസിസിയുടെ നേതൃത്വത്തില്‍ കമ്പനിയുടെ മയിലാട്ടിയിലെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ദേശീയപാതയില്‍ ചെര്‍ക്കള മുതല്‍ കാലിക്കടവ് വരെയുള്ള രണ്ടും മൂന്നും റീച്ചുകളിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ചെര്‍ക്കളയില്‍ മേഘ കമ്പനി നിര്‍മ്മിച്ച പാലം മുന്‍പ് തകര്‍ന്നു വീണിട്ടും കമ്പനിക്കെതിരെ അന്ന് നടപടി എടുക്കാത്തതാണ് ദേശീയപാതയില്‍ ഇന്ന് കാണുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി ചൂണ്ടിക്കാട്ടി. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും അക്കാര്യം സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തില്ലെന്ന് എംപി പറഞ്ഞു. ജനദ്രോഹപരമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തുടര്‍ സമരങ്ങള്‍ നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.