തിരുവാങ്കുളത്തെ നാലുവയസുകാരിയുടെ കൊലപാതകം: ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും; സംഘത്തില്‍ സൈബര്‍ വിദഗ്ധരും
തിരുവാങ്കുളത്ത് മാതാവ് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാലുവയസുകാരി പീഡനത്തിനിരയായെന്ന വിവരത്തെത്തുടര്‍ന്ന് കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസ്. കേസ് പ്രത്യേകസംഘം അന്വേഷിക്കും. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സൈബര്‍ വിദഗ്ധരും അന്വേഷണസംഘത്തിലുണ്ടാകും. വിശദമായ ഫൊറന്‍സിക് പരിശോധനയും നടത്തുമെന്നാണ് വിവരം.
കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ കുട്ടിയുടെ അമ്മയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനും അന്വേഷണസംഘം ഒരുങ്ങുകയാണ്. ബന്ധുവിനെ രാത്രിയിലും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇതിന് ശേഷമാണ് പൊലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുക.
ബന്ധു ഒരു വര്‍ഷമായി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ ഉള്‍പ്പെടെ ഇയാള്‍ പങ്കെടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കിയ സൂചനയ്ക്ക് പിന്നാലെ നടത്തിയ അതീവ രഹസ്യമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കുട്ടിയെ ഭര്‍ത്താവും വീട്ടുകാരും കൂടുതല്‍ സ്‌നേഹിച്ചതിനാല്‍ അവരുടെ കണ്ണീര് കാണാനാണ് മകളെ കൊന്നതെന്നാണ് സന്ധ്യയെന്ന യുവതി പൊലീസിനോട് പറഞ്ഞിരുന്നത്. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സന്ധ്യയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം ചെങ്ങമനാട് പോലീസ് സ്റ്റേഷനില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് സന്ധ്യയെ കോടതിയില്‍ ഹാജരാക്കിയത്. സന്ധ്യ നിലവില്‍ കാക്കനാട് വനിതാ സബ് ജയിലിലാണ്.
