NationalTop News

ഓപ്പറേഷൻ സിന്ദൂർ; എംപിമാരുടെ പ്രതിനിധി സംഘത്തിന്റെ വിദേശ പര്യടനം ഇന്ന് ആരംഭിക്കും

Spread the love

ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിനുള്ള എംപിമാരുടെ പ്രതിനിധി സംഘം ഇന്ന് യാത്ര തിരിക്കും. രണ്ട് സംഘങ്ങളാണ് ഇന്ന് യാത്ര തിരിക്കുന്നത്. ശിവസേന എംപി ശ്രീകാന്ത് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ആദ്യം സംഘമാണ് ഇന്ന് യാത്ര തിരിക്കുന്നത്. യുഎഇ , ലൈബീരിയ, കോംഗോ, സിയറ ലിയോൺ എന്നിവിടങ്ങളിലാണ് ആദ്യ സംഘം സന്ദർശനം നടത്തുക. ഇടി മുഹമ്മദ് ബഷീർ, ബാൻസുരി സ്വരാജ് ഉൾപ്പെടെ സംഘത്തിൽ ഏഴ് അംഗങ്ങളാണുള്ളത്.

ഈ മാസം 31 വരെയാണ് ആദ്യ സംഘത്തിന്റെ സന്ദർശനം. ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെട്ട അടുത്തസംഘം ജപ്പാനിലേക്ക് യാത്ര തിരിക്കും. ജപ്പാൻ, സിങ്കപ്പൂർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് സന്ദർശനം. 11 ദിവസത്തെ സന്ദർശനത്തിൽ ഇന്ത്യയുടെ ഭീകരവാദത്തിനെതിരായ നിലപാട് വ്യക്തമാക്കും. വിവിധ രാജ്യങ്ങളിൽ എത്തുന്ന പ്രതിനിധി സംഘങ്ങൾ അതത് രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കൾ, പ്രമുഖർ, ഇന്ത്യൻ സമൂഹം എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഓരോ ദിവസത്തെയും സാഹചര്യം മാധ്യമങ്ങളെ കണ്ട് വിശദീകരിക്കും. വിദേശ പര്യടനത്തിലെ മൂന്ന് സംഘങ്ങളുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കൂടിക്കാഴ്ച നടത്തിയിരുന്നു.