മെസിയുടെ പേരിൽ സ്വർണവ്യാപാര മേഖലയിൽ പണപ്പിരിവ്; പരാതിയുമായി AKGSMA
മെസിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ സ്വർണവ്യാപാര മേഖലയിൽ വൻ പണപ്പിരിവ് നടന്നതായി പരാതി. സ്പോൺസർഷിപ്പിന്റെ പേരിൽ വ്യാപാരികളെ തെറ്റിദ്ധരിപ്പിച്ച് ഓള്‍ കേരള ഗോല്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്റെ ഒരു വിഭാഗം വന്‍ തുക പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയതായി സ്വര്‍ണവ്യാപാരി സംഘടനയായ എകെജിഎസ്എംഎ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംഘടന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍, ട്രഷറര്‍ സിവി കൃഷ്ണദാസ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.
ജസ്റ്റിന്‍ പാലത്തറ വിഭാഗം കോടികള്‍ പിരിച്ചെടുത്തെന്നെന്നാണ് ആരോപണം. കായിക മന്ത്രിയെയും സര്‍ക്കാരിനെയും ഇവർ തെറ്റിദ്ധരിപ്പിച്ചെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് സംഘടനയുടെ ആവശ്യം. മെസിയെ കേരളത്തില്‍ കൊണ്ടുവരുന്നത് തങ്ങളാണെന്ന് പ്രചരിപ്പിച്ച് ആറുമാസം നീണ്ടുനില്‍ക്കുന്ന ഗ്രാന്‍ഡ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ‘ഒലോപ്പോ’ എന്ന ആപ്പ് നിര്‍മ്മിച്ചു 10000 രൂപ വീതം അംഗത്വ ഫീസ് സ്വീകരിച്ച്, ഒട്ടേറെ ജ്വല്ലറികളില്‍ നിന്നും പണം പിരിച്ചതായി പരാതിയില്‍ പറയുന്നു.