Top NewsWorld

ഓപ്പറേഷൻ സിന്ദൂർ; 11 സൈനികർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പാകിസ്താൻ

Spread the love

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ 11 പാക് സൈനികർ മരിച്ചതായി പാകിസ്താൻ സൈന്യം സ്ഥിരീകരിച്ചു. നാല് ദിവസമായി നടന്ന ആക്രമണത്തിൽ പാകിസ്താൻ സൈന്യത്തിലെയും വ്യോമസേനയിലെയും എഴുപത്തിയെട്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായി പാകിസ്താൻ സൈന്യത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

പാക് വ്യോമസേനയിൽ നിന്നുള്ളവരിൽ സ്ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫ്, ചീഫ് ടെക്നീഷ്യൻ ഔറംഗസേബ്, സീനിയർ ടെക്നീഷ്യൻ നജീബ്, കോർപ്പറൽ ടെക്നീഷ്യൻ ഫാറൂഖ്, സീനിയർ ടെക്നീഷ്യൻ മുബാഷിർ എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടാതെ പാക് സൈനികരായ നായിക്ക് അബ്ദുൾ റഹ്മാൻ, ലാൻസ് നായിക് ദിലാവർ ഖാൻ, ലാൻസ് നായിക് ഇക്രമുള്ള, നായിക് വഖാർ ഖാലിദ്, ശിപായി മുഹമ്മദ് അദീൽ അക്ബർ, ശിപായി നിസാർ എന്നിവരും ഇന്ത്യ നടത്തിയ തിരിച്ചടിയിൽ കൊല്ലപ്പെട്ടു.

പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 100 ലധികം ഭീകരരാണ് കൊല്ലപ്പെട്ടത്. ഏകദേശം 30-40 പാകിസ്താൻ സൈനികരും കൊല്ലപ്പെട്ടതായി ഇന്ത്യൻ സേന സ്ഥിരീകരിച്ചിരുന്നു.

ഭീകരർക്കെതിരായ ഇന്ത്യയുടെ നടപടിക്ക് മറുപടിയായി, പാകിസ്താൻ സൈന്യം ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കി ഡ്രോൺ ഷെല്ലാക്രമണങ്ങൾ നടത്തിയെങ്കിലും അതെല്ലാം ഇന്ത്യൻ സൈന്യം നൂതന ആയുധശേഖരമുപയോഗിച്ച് പരാജയപ്പെടുത്തുകയാണ് ഉണ്ടായത്. സാധാരണക്കാരെ ലക്ഷ്യം വെച്ചായിരുന്നു പാക് സേന ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നത്. ഇത് തുടർന്നപ്പോഴാണ് ഇന്ത്യയുടെ തിരിച്ചടി. സുക്കൂർ (സിന്ധ്), നൂർ ഖാൻ (റാവൽപിണ്ടി), റഹിം യാർ ഖാൻ (തെക്കൻ പഞ്ചാബ്), സർഗോധയിലെ മുഷഫ്, ജേക്കബാബാദ് (വടക്കൻ സിന്ധ്), ബൊളാരി (വടക്കൻ ജില്ല) എന്നിവിടങ്ങളിലെ പാക് വ്യോമത്താവളങ്ങൾക്ക് തിരിച്ചടിയിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇന്ത്യാ -പാക് സംഘർഷത്തിനിടെ അഞ്ച് ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്.