Top NewsWorld

ഇന്ത്യയ്ക്ക് കനത്ത മറുപടി നൽകണം, സൈന്യത്തിന് നിർദേശം നൽകി പാക് പ്രധാനമന്ത്രി

Spread the love

ഇന്ത്യയ്‌ക്കെതിരായ നടപടിക്ക് പാക് സൈന്യത്തിന് പൂർണ അധികാരം നൽകിയെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ്. പാകിസ്താൻ സൈന്യം പ്രതികരണം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവരം പുറത്ത് വിട്ട് പാകിസ്താൻ PMO.

പാകിസ്താനിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികൾക്കും പാക് സർക്കാർ നിർദ്ദേശം നല്‍കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ 36 മണിക്കൂറിലേക്ക് നിർത്തിവച്ചു. വ്യോമപാത പൂർണ്ണമായും അടച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്കൂളുകളും അടച്ചു.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ തുടർച്ചയായി ഇന്ത്യക്കെതിരെ പ്രകോപനപരമായി സംസാരിച്ച പാക് പ്രതിരോധ മന്ത്രി നിലപാട് മാറ്റി രംഗത്തെത്തിയിരുന്നു. സംഘർഷത്തിന് ആയവ് വരുത്താം എന്ന് പാകിസ്താൻ പ്രതിരോധമന്ത്രി പറഞ്ഞു.

ഇന്ത്യ ആക്രമണം നിർത്തിയാൽ തങ്ങളും ഒരു നടപടിയും സ്വീകരിക്കില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഇന്ത്യ ഇനി ആക്രമണം നടത്താതിരുന്നാൽ പാകിസ്താനും പിന്മാറാം എന്ന് പാക് പ്രതിരോധമന്ത്രി അറിയിച്ചു. പാകിസ്താൻ മൂന്ന് ഇന്ത്യൻ സൈനികരെ യുദ്ധത്തടവുകാരായി പിടികൂടിയതായി നേരത്തെ നടത്തിയ പ്രസ്താവന ആസിഫ് പിൻവലിച്ചു.

ഇന്ത്യൻ സൈനികരിൽ ആരെയും പിടികൂടുകയോ തടവുകാരായി കൊണ്ടുപോകുകയോ ചെയ്തിട്ടില്ലെന്ന് പാക് പ്രതിരോധ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സൈന്യം പാകിസ്താനിലെ തീവ്രവാദ ക്യാമ്പുകളിൽ ഓപ്പറേഷൻ സിന്ദൂർ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ആസിഫിന്റെ പ്രതികരണം.

“ഇത് ഇന്ത്യ മുൻകൈയെടുത്തതാണ്. ഇന്ത്യ പിന്മാറാൻ തയ്യാറാണെങ്കിൽ സംഘർഷത്തിന് ആയവ് വരുത്താം, ഇന്ത്യ ഇനി ആക്രമണം നടത്താതിരുന്നാൽ പാകിസ്താനും പിന്മാറാം. ഇന്ത്യയ്‌ക്കെതിരെ ശത്രുതയുള്ള ഒരു നടപടിയും ഞങ്ങൾ ഒരിക്കലും സ്വീകരിക്കില്ല. പക്ഷേ, ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ, ഞങ്ങൾ പ്രതികരിക്കും. ഇന്ത്യ പിന്മാറിയാൽ, ഞങ്ങൾ തീർച്ചയായും ഈ ആക്രമണം അവസാനിപ്പിക്കും. “- ആസിഫ് പറഞ്ഞു.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്താന് മറുപടി നല്‍കി ഇന്ത്യ. ഇന്ന് പുലര്‍ച്ചെ ഒന്ന് അഞ്ചിന് നടന്ന ആക്രമണത്തില്‍ പാകിസ്ഥാനിലെ 9 തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്‍റെ 10 കുടുംബാംഗങ്ങളെങ്കിലും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 70 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. അനിവാര്യമായ മറുപടിയാണ് നല്‍കിയതെന്നും, പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.