KeralaTop News

‘സൂത്രവാക്യം’ സെറ്റില്‍ വച്ച് മോശമായ പെരുമാറ്റമുണ്ടായി;ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ ആരോപണവുമായി പുതുമുഖനടി

Spread the love

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വിന്‍സി അലോഷ്യസിന്റെ ആരോപണം ഒത്തുതീര്‍പ്പിലേക്കെത്തുന്നു എന്ന സൂചനയ്ക്കിടെ ഷൈനെതിരെ ഗുരുതര ആരോപണവുമായി സൂത്രവാക്യം സിനിമയില്‍ അഭിനയിച്ച മറ്റൊരു നടി. നടി അപര്‍ണ ജോണ്‍സാണ് ഷൈനിനെതിരെ പരാതിയുമായിയെത്തിയത്. സിനിമാ സെറ്റില്‍ വച്ച് ഷൈനില്‍ നിന്ന് മോശമായ പെരുമാറ്റമുണ്ടായെന്നാണ് പുതുമുഖ നടിയുടെ വെളിപ്പെടുത്തല്‍. ഷൈനെതിരെ ആദ്യം പരാതി ഉന്നയിക്കുമ്പോള്‍ തന്നെ വിന്‍സി അലോഷ്യസ് തനിക്ക് മാത്രമല്ല മറ്റൊരു നടിയ്ക്കും മോശം അനുഭവമുണ്ടായെന്ന് സൂചിപ്പിച്ചിരുന്നു.

അമ്മ സംഘടനയോടും ഫിലിം ചേംബറിന് മുന്നിലും ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്ന് അപര്‍ണ ജോണ്‍സ് പറഞ്ഞു. ഷൈന്‍ സെറ്റില്‍ വച്ച് ലഹരി ഉപയോഗിച്ചുവെന്ന് സംശയമുണ്ടെന്നും ഷൈന്റെ വായില്‍ നിന്ന് ലഹരിയെന്ന് തോന്നിക്കുന്ന പൊടി തെറിക്കുന്നുണ്ടായിരുന്നുവെന്നുമാണ് പുതുമുഖ നടിയുടെ വെളിപ്പെടുത്തല്‍. അമ്മ ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും അപര്‍ണ വ്യക്തമാക്കി.

അതേസമയം നടി വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ ഫെഫ്ക ഭാരവാഹികള്‍ ഷൈനെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു. ഷൈന് ഒരു അവസരം കൂടി നല്‍കുമെന്നും ലഹരി സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടി എടുക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. അമ്മയുടെ ഭാരവാഹികളായ മോഹന്‍ലാല്‍, ജയന്‍ ചേര്‍ത്തല എന്നിവരുമായി ബന്ധപ്പെട്ടെന്നും അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഫെഫ്ക ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഷൈനെതിരെ നിയമനടപടിയ്ക്ക് താനില്ലെന്ന് വിന്‍സി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.