KeralaTop News

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍, പൊലീസില്‍ പരാതി

Spread the love

കോഴിക്കോട്: കുറ്റ്യാടി കക്കട്ടില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍. അരൂര്‍ ഒതയോത്ത് സ്വദേശി റിയാസിന്റെ മകള്‍ നൂറ ഫാത്തിമ(47 ദിവസം) ആണ് മരിച്ചത്. കക്കട്ടില്‍ പൊയോല്‍മുക്ക് സ്വദേശിനിയായ അമ്മയുടെ വീട്ടില്‍ വച്ചാണ് സംഭവം നടന്നത്. ഇന്ന് രാവിലെ 9.30ഓടെ റിയാസിന്റെ മൂത്ത മകള്‍ കുഞ്ഞിന് സമീപത്ത് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഈ സമയം കുഞ്ഞിന് സമീപത്തായി ഉമ്മ ഉറങ്ങുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിശദമാക്കിയത്. സംഭവത്തിൽ റിയാസിന്റെ പരാതിയില്‍ കുറ്റ്യാടി പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവിച്ചത് എന്താണെന്ന് അറിയില്ലെന്നും ഇന്നലെ രാത്രി നിര്‍ത്താതെ കരഞ്ഞ കുഞ്ഞ് പുലര്‍ച്ചെ രണ്ട് മണി വരെ പാല്‍ കുടിച്ചിരുന്നതായുമാണ് ബന്ധുക്കൾ വിശദമാക്കുന്നത്. രാത്രി ഉറക്കം ലഭിക്കാഞ്ഞതിനാല്‍ അമ്മ രാവിലെ ഉറങ്ങിപ്പോയതാണെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.