SportsTop News

തോൽവിയിൽ നിന്ന് കരകയറാതെ രാജസ്ഥാൻ; ലഖ്നൗവിന് മുന്നിലും വീണു

Spread the love

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് തുടർ‌ച്ചയായ നാലാം തോൽവി. ലഖ്നൗ സൂപ്പർ ജയന്റ്സിനോട് രണ്ട് റൺസിന് തോറ്റു. ലഖ്നൗവിന്റെ 180 റൺസ് പിന്തുടർന്ന രാജസ്ഥാന്റെ പോരാട്ടം 178ൽ അവസാനിച്ചു. അവസാന ഓവറിൽ ഒമ്പത് റൺസ് പ്രതിരോധിച്ച് ലഖ്നൗവിന്റെ ഹീറോയായി ആവേശ് ഖാൻ. 52 പന്തില്‍ 74 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളാണ് ടീമിന് വിജയ പ്രതീക്ഷ നല്‍കിയത്. 20 പന്തില്‍ 34 റണ്‍സുമായി അരങ്ങേറ്റക്കാരന്‍ വൈഭവ് സൂര്യവന്‍ഷി മികച്ച തുടക്കം നല്‍കിയിരുന്നു.

നായകന്‍ റയാന്‍ പരാഗും ടീം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. 26 പന്തില്‍ നിന്ന് 39 റണ്‍സ് എടുത്താണ് പരാഗ് മടങ്ങിയത്. നിതീഷ് റാണക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. എട്ട് റണ്‍സുമായാണ് താരം മടങ്ങിയത്.ഡല്‍ഹിക്കെതിരായ കഴിഞ്ഞ മത്സരത്തിലേതിനു സമാനമായി അവസാന ഓവറില്‍ ജയിക്കാന്‍ ഒമ്പത് റണ്‍സായിരുന്നു രാജസ്ഥാന് വേണ്ടിയിരുന്നത്. എന്നാല്‍ ആറു റണ്‍സ് മാത്രം വഴങ്ങി ലഖ്നൗവിന് ആവേശ് ഖാൻ വിജയം തട്ടിയെടുത്തു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലക്നൗവിന് വേണ്ടി എയ്ഡന്‍ മാര്‍ക്രം (45 പന്തില്‍ 66), ആയുഷ് ബദോനി (34 പന്തില്‍ 50) മികച്ച പ്രകടനം പുറത്തെടുത്തു. മിച്ചല്‍ മാര്‍ഷ് (4), നിക്കോളാസ് പുരന്‍ (11), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (3) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. 10 പന്തില്‍ 30 റണ്‍സുമായി അബ്ദുള്‍ സമദ് പുറത്താവാതെ നിന്നു. സന്ദീപ് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ 27 റണ്‍സാണ് സമദ് അടിച്ചെടുത്തത്.