കണ്ണൂരില്‍ ജയരാജയുഗം അവസാനിച്ചു; ഇനി പാര്‍ട്ടിയെ നയിക്കാന്‍ കെ കെ രാഗേഷ്
കണ്ണൂരിലെ സി പി ഐ എമ്മിനെ നയിക്കാന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ കെ രാഗേഷ് എത്തുന്നു. പാര്‍ട്ടിയില്‍ പിണറായി വിജയന്റെ വിശ്വസ്തനായാണ് കെ കെ രാഗേഷ് അറിയപ്പെടുന്നത്. എസ് എഫ് ഐയിലൂടെ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായ കെ കെ രാഗേഷ് എസ് എഫ് ഐ ദേശീയ നേതാവും രാജ്യസഭാംഗവുമായി പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ് പാര്‍ട്ടിയുടെ നെടുങ്കോട്ട കാക്കാനുള്ള പുതിയ ദൗത്യം ഏറ്റെടുക്കുന്നത്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയും പിന്നീട് സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരവും കേന്ദ്രീകരിച്ചായിരുന്നു കെ കെ രാഗേഷിന്റെ പ്രവര്‍ത്തനം. കണ്ണൂരില്‍ സി പി ഐ എം ജില്ലാ സെക്രട്ടറിയുടെ ചുമതലയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ അത് വലിയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.
മൂന്ന് ജയരാജന്‍മാരായിരുന്നു കണ്ണൂര്‍ രാഷ്ട്രീയത്തെ ഏറെക്കാലമായി നിയന്ത്രിച്ചിരുന്നത്. പാര്‍ട്ടിയുടെ നേതൃത്വം പുതുതലമുറയ്ക്കായി കൈമാറുന്നതിന്റെ ഭാഗമായാണ് കെ കെ രാഗേഷ് സെക്രട്ടറിയുടെ ചുതലയിലേക്ക് വരുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നത് എം വി ജയരാജനായിരുന്നു. പി ജയരാജന്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും ജനവിധി തേടാനായി ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോഴാണ് എം വി ജയരാജന്‍ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലേക്ക് വരുന്നത്.
രണ്ട് വട്ടം ജില്ലാ സെക്രട്ടറിയായ എം വി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ കണ്ണൂരില്‍ പുതിയ സെക്രട്ടറിയെ കണ്ടെത്തേണ്ടിവരികയായിരുന്നു. മുന്‍ എം എല്‍ എയും തലമുതിര്‍ന്ന നേതാവുമായ എം പ്രകാശന്‍, യുവനേതാവായ ടി വി രാജേഷ് തുടങ്ങിയവരുടെ പേരുകളായിരുന്നു അവസാനഘട്ടംവരെ സെക്രട്ടറി പദവിയിലേക്ക് പറഞ്ഞു കേട്ടിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രി കെ കെ രാഗേഷിന്റെ പേര് നിര്‍ദേശിച്ചത്.
എം പ്രകാശന്‍ സെക്രട്ടറിയായി എത്തുമെന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ കണക്കുകൂട്ടിയിരുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എം വി ജയരാജന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന വേളയില്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയിരുന്നത് ടി വി രാജേഷിനായിരുന്നു. സീനിയര്‍ നേതാവായ എം പ്രകാശന്‍ ദേശീയ നേതാക്കളുടെ പ്രസംഗം തര്‍ജുമ നിര്‍വഹിച്ചാണ് പാര്‍ട്ടിയില്‍ ശ്രദ്ധേയനായി മാറുന്നത്. പാര്‍ട്ടിയുടെ താത്വിക മുഖംകൂടിയാണ് എം പ്രകാശന്‍. പാര്‍ട്ടി നിലപാടുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തതയോടെ അവതരിപ്പിക്കുന്നതിനായി നിയോഗിക്കപ്പെട്ടിരുന്നതും എം പ്രകാശനെ ആയിരുന്നു. എന്നാല്‍ പാര്‍ട്ടിയെ നയിക്കാന്‍ പുതുതലമുറവരണമെന്ന തീരുമാനം എം പ്രകാശന് അവസരം ലഭിക്കാതെ പോവുകയായിരുന്നു.
ടി വി രാജേഷ് സെക്രട്ടറിയാവുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങളില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നെങ്കിലും പിണറായി നേരിട്ട് പങ്കെടുത്ത യോഗത്തില്‍ അദ്ദേഹം കെ കെ രാഗേഷിന്റെ പേര് നിര്‍ദേശിച്ചതോടെ ചര്‍ച്ചകള്‍ ഒറ്റപേരിലേക്ക് എത്തിച്ചേരുകയായിരുന്നു.
പിണറായി മുഖ്യമന്ത്രിയായിരുന്നത് മുതല്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കെ കെ രാഗേഷ് ചുമതല വഹിച്ചുവരികയായിരുന്നു. ഓഫീസിനെ നിയന്ത്രിച്ചിരുന്നത് കെ കെ രാഗേഷായിരുന്നു. പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി എത്തിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കണ്ണൂര്‍ നേതാക്കളുടെ ശക്തി വര്‍ധിച്ചു.
രാജ്യത്തെ തന്നെ സി പി ഐ എമ്മിന്റെ ഏറ്റവും ശക്തമായ ഘടകമാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും അടക്കം പ്രമുഖ നേതാക്കളുടെ സ്വന്തം തട്ടകത്തിലെ ജില്ലാ സെക്രട്ടറിക്ക് പാര്‍ട്ടിയില്‍ ഏറെ പ്രാധാന്യമുണ്ട്. പാര്‍ട്ടിയുടെ ഉന്നത പദവികളിലേക്കുള്ള ചവിട്ടുപലക എക്കാലവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാവുകയെന്നതായിരുന്നു. പിന്നീട് സംസ്ഥാന സെക്രട്ടറിയുടെ പദവിയിലും മുഖ്യമന്ത്രി സ്ഥാനത്തേക്കുമെല്ലാം പരിഗണിച്ചിരുന്നത്. കണ്ണൂര്‍ നേതാക്കളെ മാത്രമായിരുന്നു. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ മാത്രമാണ് ഇതിനൊരു അപവാദം.
പിണറായി സി പി ഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തിയതോടെയാണ് കെ കെ രാഗേഷിന് പാര്‍ട്ടിയില്‍ കൂടുതല്‍ പരിഗണനകള്‍ ലഭിച്ചത്. കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശിയായ കെ കെ രാഗേഷ് സാധാരണ തൊഴിലാളി കുടുംബാംഗമാണ്. സ്‌കൂള്‍ പഠനകാലം മുതല്‍ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്ന കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ദേശീയ നേതൃത്വത്തിലെത്തിയതിന് ശേഷമാണ് സി പി ഐ എമ്മിന്റെ നേതൃത്വ പദവിയിലേക്ക് എത്തുന്നത്. എസ് എഫ് ഐ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു കെ കെ രാഗേഷ്.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നിയമത്തില്‍ ബിരുദവും നേടിയ കെ കെ രാഗേഷ് എന്ന അമ്പത്തിയഞ്ചുകാരന് ഇനി പാര്‍ട്ടിയുടെ ഏറ്റവും വലിയ ഘടകത്തെ ചലിപ്പിക്കുകയും സംഘടനാ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യേണ്ട ചുമതലയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ചുമതലയും ഏറ്റെടുക്കേണ്ടതുണ്ട്.
2009 ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മത്സരിച്ചെങ്കിലും യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന കെ സുധാകരനോട് പരാജയപ്പെട്ടു. തുടര്‍ന്നാണ് പാര്‍ട്ടി നേതൃത്വം കെ കെ രാഗേഷിനെ രാജ്യസഭയിലേക്ക് അയക്കുന്നത്.
ദേശീയ കര്‍ഷക സംഘടനയായ ഈ സാഹചര്യത്തിലാണ് സ്വന്തം ജില്ലയിലെ പാര്‍ട്ടി സെക്രട്ടറിയെതീരുമാനിക്കാനുള്ള യോഗത്തില്‍ പിണറായി നേരിട്ടെത്തിയത്. കണ്ണൂരിലെ പാര്‍ട്ടിയെ ഭദ്രമായൊരു നേതൃത്വം നയിക്കണമെന്ന മുഖ്യമന്ത്രിയുടെ തീരുമാനം നടപ്പിലാക്കുകയാണ് കെ കെ രാഗേഷിലൂടെ. കണ്ണൂരിലെ ദൈനംദിന രാഷ്ട്രീയത്തില്‍ അത്രപരിചിതനല്ല കെ കെ രാഗേഷ്. എന്നാല്‍ ഭാവിയില്‍ പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തരായ നേതാവ് എന്ന പരിഗണനയിലാണ് കെ കെ രാഗേഷിനെ കൊണ്ടുവരാന്‍ പിണറായി തീരുമാനമെടുത്തത്.
എല്ലാ കാലത്തും നേതൃത്വവുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന യുവ നേതാവാണ് കെ കെ രാഗേഷ്. ജെ എന്‍ യു വിദ്യാഭ്യാസ കാലത്ത് നിരവധി ദേശീയ വിഷയങ്ങളില്‍ ഇടപെട്ടിട്ടുള്ള കെ കെ രാഗേഷ് ദേശീയതലത്തില്‍ ശ്രദ്ധേയനാണ്. ഡല്‍ഹി കര്‍ഷക സമരത്തില്‍ പങ്കെടുത്ത മലയാളി നേതാക്കളില്‍ പ്രമുഖനായ രാഗേഷ് നിലവില്‍ അഖിലേന്ത്യാ കിസാന്‍സഭയുടെ ജോയിൻറ്റ് സെക്രട്ടറിയാണ്.
രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാലയിലുണ്ടായ വിവാദങ്ങള്‍ കെ കെ രാഗേഷിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നുവെങ്കിലും, കെ കെ രാഗേഷ് പാര്‍ട്ടി നേതൃത്വത്തിലേക്ക് വരണമെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവുമായ പിണറായി വിജയന്‍ തീരുമാനം അറിയിക്കുകയായിരുന്നു. കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചിരുന്നത്. ഇതും രാഗേഷിന് പുതിയ പദവിയിലേക്ക് എത്താന്‍ കരുത്തായി.