‘ജവഹര്‍ലാല്‍ നെഹ്‌റുവിന് ഡോക്ടര്‍ ബി. ആര്‍ അംബേദ്കറിനോട് വെറുപ്പായിരുന്നു; ഭാരത് രത്‌ന നല്‍കാതെ അപമാനിച്ചു’ ; തമിഴ്‌നാട് ഗവര്‍ണര്‍
ജവഹര്‍ലാല്‍ നെഹ്‌റുവിന് ഡോക്ടര്‍ ബി. ആര്‍ അംബേദ്കറിനോട് വെറുപ്പായിരുന്നു എന്ന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. ഭാരത് രത്‌ന നല്‍കാതെ അംബേദ്കറെ അപമാനിച്ചെന്നും ആര്‍ എന്‍ രവി പറഞ്ഞു. അംബേദ്കര്‍ ജയന്തി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ആര്‍ എന്‍ രവിയുടെ പരാമര്‍ശം. അംബേദ്കറുടെ പ്രതിഭയെ നെഹ്റു ഭയന്നുവെന്നും അംബേദ്കറെ നെഹ്റു ലോക്‌സഭയില്‍ പ്രവേശിപ്പിച്ചില്ലെന്നും വിമര്‍ശനമുണ്ട്.
രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിക്ക് അദ്ദേഹത്തെ വെറുപ്പായിരുന്നു. അദ്ദേഹത്തെ ഭയപ്പെട്ടിരുന്നു. പാര്‍ലമെന്റിലേക്ക് എത്തിയാല്‍ അംബേദ്കറിനെ നേരിടാന്‍ അദ്ദേഹത്തിനാവില്ലെന്ന് കരുതിയിരുന്നു. അംബേദ്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ആദ്യ പ്രധാനമന്ത്രി അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ എല്ലാ മാര്‍ഗങ്ങളും തേടി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മത്സരിച്ചപ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം വീണ്ടും പരാജയപ്പെട്ടു. കാരണം അന്നത്തെ പ്രധാനമന്ത്രിക്ക് ഇത്രയും വലിയ ഒരാളുടെ സാന്നിധ്യത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടായിരുന്നു – അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ എല്ലാവരും ബാബ സാഹിബിനെ ഓര്‍ക്കുമെന്നും അതുകഴിഞ്ഞാല്‍ എല്ലാവരും മറക്കുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആര്‍എന്‍ രവി. ഇന്ത്യയിലെ ഏറ്റവും മോശം സര്‍ക്കാര്‍ സ്‌കൂളുകള്‍ തമിഴ്‌നാട്ടിലെന്നും യുപിയെക്കാളും ബിഹാറിനെക്കാളും മോശമാണ് അവസ്ഥയെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകള്‍ ഇന്ത്യയില്‍ ഒന്നാമതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും ദളിത് പീഡനം തമിഴ്‌നാട്ടിലെന്നും അദ്ദേഹം ആരോപിച്ചു. ദളിതര്‍ക്കുള്ള പദ്ധതിയിലെ പണം വകമാറ്റി ചിലവഴിക്കുന്നു. സാമൂഹ്യനീതിയെ പറ്റി പ്രഭാഷണം നടത്തുന്നിടത്താണ് ദുരവസ്ഥ – ആര്‍ എന്‍ രവി പറഞ്ഞു.
രാജ്യത്ത് എല്ലായിടത്തും നടക്കുന്നുണ്ട്. ആ വസ്തുത നിരാകരിക്കുന്നില്ല. എന്നാല്‍ എല്ലായ്‌പ്പോഴും സാമൂഹ്യനീതിയെ കുറിച്ച് സംസാരിക്കുന്ന നമ്മുടെ സംസ്ഥാനത്ത് ദളിതര്‍ക്കെതിരെയുള്ള അതിക്രമത്തിന്റെ വാര്‍ത്തകളാണ് കാണുന്നത്. ദളിതര്‍ക്കെതിരെയുള്ള കുറ്റകൃത്യം വര്‍ധിക്കുകയാണ് – അദ്ദേഹം പറഞ്ഞു.