‘സമരത്തിൽ നിന്ന് പിന്നോട്ടില്ല, ശക്തമായി മുന്നോട്ടു കൊണ്ടുപോകും; കരിവാരി തേക്കാൻ ശ്രമം നടക്കുന്നു’; ആശാവർക്കേഴ്സ്
ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ആശാവർക്കേഴ്സ്. രാപ്പകൽ സമരവും സത്യഗ്രഹ സമരവും ശക്തമായി മുന്നോട്ടു കൊണ്ടുപോകും. പ്രധാനപ്പെട്ട ആവശ്യങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ നിൽക്കുന്നു. ഓണറേറിയം വർദ്ധനവിലും വിരമിക്കൽ ആനുകൂല്യത്തിലും തീരുമാനമായില്ലെന്ന് സമരസമിതി പറഞ്ഞു.
സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി വ്യക്തമാക്കി. ഏപ്രിൽ 21ന് ആശമാരെ പിന്തുണച്ച തദ്ദേശസ്ഥാപന ഭരണാധികാരികളെ ആദരിക്കും. സമരത്തെ തകർക്കാൻ ചില കേന്ദ്രങ്ങൾ പല പരിശ്രമങ്ങളും നടത്തുന്നു. തങ്ങളെ കരിവാരി തേക്കാൻ ശ്രമം നടക്കുന്നുവെന്ന് എസ്. മിനി പറഞ്ഞു. സമരം നിർത്തുക അജണ്ടയിൽ ഇല്ലെന്നും പൂർവാധികം ശക്തിയായി മുന്നോട്ടു പോകുമെന്നും എസ് മിനി മാധ്യമങ്ങളോട് പറഞ്ഞു.
99 ശതമാനം ജനങ്ങളും സമരത്തോടൊപ്പമാണ്. തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കിയെടുക്കുവാന്‍ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ശക്തമായ പ്രക്ഷോഭം ഇനിയും ഉണ്ടാകുമെന്ന് മിനി പറഞ്ഞു. ഈ ഒരു സമരം കേരളത്തിന്റെ സമരചരിത്രത്തില്‍ സ്ത്രീകള്‍ നടത്തുന്ന ഐതിഹാസിക സമരമായി രേഖപ്പെട്ടുകഴിഞ്ഞുവെന്ന് എസ് മിനി പറഞ്ഞു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് സമരസമിതി പറഞ്ഞു.ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശ വർക്കേഴേസ് നടത്തുന്ന സമരം 63ആം ദിവസത്തിലേക്ക് കടന്നു.