നൈനാർ നാഗേന്ദ്രൻ ബിജെപി തമിഴ്നാട് അധ്യക്ഷനായി ചുമതലയേറ്റു
എംഎൽഎയും മുതിർന്ന നേതാവുമായ നൈനാർ നാഗേന്ദ്രൻ ബിജെപി തമിഴ്നാട് അധ്യക്ഷനായി ചുമതലയേറ്റു. ചെന്നൈയിൽ നടന്ന ചടങ്ങിൽ മുൻ അധ്യക്ഷൻ അണ്ണാമലൈയിൽ നിന്നാണ് നൈനാർ ചുമതല ഏറ്റെടുത്തത്.
കേന്ദ്രമന്ത്രിമാരായ ജി കിഷൻ റെഡ്ഢി, ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, മുൻ സംസ്ഥാന അധ്യക്ഷന്മാർ ഉൾപ്പടെ വൻ നേതൃനിരയുടെ സാനിധ്യത്തിലാണ് നൈനാർ നാഗേന്ദ്രൻ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. വേദിയിലെത്തിയ അണ്ണാമലൈക്ക് വൻ കരഘോഷമായിരുന്നു ലഭിച്ചത്. ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് ദേശീയ കൗൺസിലിൽ ഇടം പിടിച്ച കെ അണ്ണാമലൈ ആഹ്വാനം ചെയ്തു. വരുന്ന തിരഞ്ഞെടുപ്പിൽ ഡിഎംകെയെ തുരത്തി എൻ ഡി എ അധികാരം പിടിക്കുമെന്നും പ്രവർത്തകർ ബൂത്ത് പ്രവർത്തനത്തിൽ ശ്രദ്ധിക്കണമെന്നും അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പറഞ്ഞു.
അതിനിടെ എഎഎഡിഎംകെ ബിജെപി സഖ്യത്തെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കടന്നാക്രമിച്ചു. അമിത് ഷാ രണ്ട് റെയിഡുകളിലൂടെ ഇപിഎസ്സിനെ പേടിപ്പിച്ചാണ് കൂടെ നിർത്തിയത്. ഒറ്റയ്ക്കായാലും മുന്നണിയായിട്ടാണെങ്കിലും ബിജെപിയെ പാഠം പഠിപ്പിക്കാൻ തമിഴ്നാട് കാത്തിരിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു. ഇന്നലെ മുതൽ സ്റ്റാലിന് ഉറക്കം നഷ്ടമായെന്ന് എടപ്പാടി പളനിസ്വാമി തിരിച്ചടിച്ചു.അതേസമയം, പുതിയ സഖ്യം ഡി എം കെ യെ സഹായിക്കാൻ ആണെന്നും ബിജെപിയുടെ പരസ്യ പങ്കാളി ഐഐഎഡിഎംകെയും രഹസ്യ പങ്കാളി ഡിഎംകെയുമാണെന്ന് ടിവികെ അധ്യക്ഷൻ വിജയ്യും പ്രതികരിച്ചു.