12 മണിക്കൂര്‍ നീണ്ട ചര്‍ച്ച; വഖഫ് നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസായി; ബില്ലിനെ അനുകൂലിച്ച് 288 പേര്‍
വഖഫ് ബില്‍ ലോക്‌സഭ പാസാക്കി. വോട്ടെടുപ്പില്‍ ബില്ലിനെ 288 പേര്‍ അനുകൂലിച്ചു. 232 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ഓരോ ഭേദഗതിയിന്‍മേലുള്ള വോട്ടെടുപ്പാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. പ്രതിപക്ഷ നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് തള്ളി. എന്‍ കെ പ്രേമചന്ദ്രന്‍, കെ സുധാകരന്‍, കെസി വേണുഗോപാല്‍, ഇടി മുഹമ്മദ് ബഷീര്‍, കെ.രാധാകൃഷ്ണന്‍ എന്നിവരുടെതുള്‍പ്പടെയുള്ള പ്രതിപക്ഷ ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളി.
വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു മറുപടി പറഞ്ഞു. ചര്‍ച്ചയുടെ ഭാഗമായ ഭരണപ്രതിപക്ഷ അംഗങ്ങളെ നന്ദി അറിയിക്കുന്നവെന്ന് പറഞ്ഞാണ് കിരണ്‍ റിജിജു തന്റെ മറുപടി ആരംഭിച്ചത്. വഖഫ് ബൈ യൂസര്‍ വ്യവസ്ഥ ഒഴിവാക്കിയതിനെ മന്ത്രി ന്യായീകരിച്ചു. രേഖയില്ലാതെ ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശം എങ്ങനെ സ്ഥാപിക്കാനാവും എന്ന് കിരണ്‍ റിജിജു ചോദിച്ചു.
ബില്ല് എങ്ങനെയാണ് മുസ്ലിങ്ങള്‍ക്ക് എതിരെ ആകുന്നത്. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ ട്രൈബ്യൂണലില്‍ ഉണ്ട്. എല്ലാ ഭൂമിയും ഈ രാജ്യത്തിന്റെതാണ്. ബില്ലിലൂടെ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. നീതി ലഭിക്കും. നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. മുസ്ലിം സ്ത്രീകളുടെയും കുട്ടികളുടെയും യുവാക്കളുടെയും ക്ഷേമത്തിനായാണ് ഈ ബില്ല് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. ഏത് ഭാഷയിലാണ് പ്രതിപക്ഷത്തെ പറഞ്ഞു മനസ്സിലാക്കേണ്ടത്.
ബില്ലിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. മുനമ്പത്തെ 600 കൂടുംബങ്ങളുടെ പ്രതിനിധികള്‍ തന്നെ കണ്ടിരുന്നു. കേരളത്തിലെ പ്രശ്‌നം പരിഹാരമാകും.
ബില്‍ പാസാക്കുന്നതോടെ മുനമ്പത്തെ ജനങ്ങളുടെ പ്രയാസത്തിന് അവസാനമാകും. ക്രിസ്ത്യന്‍ വിഭവങ്ങള്‍ ആവശ്യപ്പെട്ടത് എംപിമാര്‍ ബില്ലിനെ പിന്തുണയ്ക്കണം എന്നാണ്. ഭരണഘടനയും ദേശീയപതാകയും കയ്യിലെടുത്ത് രാജ്യത്തിനെതിരെ പോരാടുന്നത് അംഗീകരിക്കില്ല. ഭരണഘടന കയ്യില്‍ പിടിച്ചു നടന്നതുകൊണ്ട് മാത്രം ആയില്ല. ഭരണഘടനയുടെ സ്പിരിറ്റ് ഉള്‍ക്കൊള്ളാന്‍ കൂടി പഠിക്കണം. മുസ്ലിംകളെ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത് – കിരണ്‍ റിജിജു പറഞ്ഞു.
അതേസമയം, മുസ്ലിങ്ങളുടെ വ്യക്തി നിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ആയുധമാണ് വഖഫ് ബില്ലെന്ന് രാഹുല്‍ ഗാന്ധി. ആര്‍എസ്എസും ബിജെപിയും അവരുടെ സഖ്യകക്ഷികളും ചേര്‍ന്ന് ഭരണഘടനക്കെതിരെ ആക്രമണം നടത്തുന്നുവെന്നും ഇത് മുസ്ലിമുകളെ ലക്ഷ്യം വച്ചുള്ളതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാവിയില്‍ മറ്റ് സമുദായങ്ങളെയും ഇങ്ങനെ ലക്ഷ്യം വച്ചേക്കാമെന്നും കോണ്‍ഗ്രസ് നിയമ നിര്‍മ്മാണത്തെ ശക്തമായ എതിര്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ നീക്കങ്ങളില്‍ ഒന്നായിരുന്നു വഖഫ് ഭേദഗതി ബില്‍. ഇസ്ലാമിക നിയമപ്രകാരം മതപരമോ, ജീവകാരുണ്യമോ, സ്വകാര്യമോ ആയ ആവശ്യങ്ങള്‍ക്കായി ദൈവത്തിന്റെ പേരില്‍ സമര്‍പ്പിച്ചിരിക്കുന്ന സ്വത്തുക്കളെയാണ് വഖഫ് എന്ന് വിളിക്കുന്നത്. 1954ല്‍ വഖഫുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിന് മേല്‍നോട്ടം വഹിക്കാന്‍ സംസ്ഥാന തലത്തില്‍ വഖഫ് ബോര്‍ഡുകളും കേന്ദ്ര തലത്തില്‍ വഖഫ് കൗണ്‍സിലും നിലവില്‍ വന്നു. 1995ല്‍ ഈ നിയമം റദ്ദാക്കി വഖഫ് ബോര്‍ഡുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന പുതിയ വഖഫ് നിയമം നടപ്പാക്കി. തുടര്‍ന്ന് 2013ല്‍ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വഖഫിന്റെ പ്രവര്‍ത്തനം.പുതിയ ഭേദഗതി നിയമപ്രകാരം മാറ്റം വരുന്നത് 44 വകുപ്പുകളിലാണ്. വഖഫ് നിയമത്തിന്റെ സെക്ഷന്‍ 3 ( ഐ )യില്‍ മാറ്റം വരും. ഭേദഗതി നിലവില്‍ വന്നാല്‍ കൃത്യമായ രേഖകള്‍ വച്ചുകൊണ്ട് മാത്രമേ വഖഫിന് ഭൂമി ഏറ്റെടുക്കാന്‍ സാധിക്കൂ. വസ്തു വഖഫ് ആക്കി മാറ്റാന്‍ വാക്കാലുള്ള ഉടമ്പടി മതിയെന്ന വ്യവസ്ഥ ഇതോടെ മാറും. മാത്രമല്ല, അഞ്ച് വര്‍ഷമെങ്കിലും ഇസ്ലാം മതം അനുസരിച്ച് ജീവിക്കുന്നയാള്‍ക്ക് മാത്രമേ വസ്തു വഖഫാക്കി മാറ്റാന്‍ സാധിക്കുകയുള്ളു. വഖഫ് ബോര്‍ഡുകളുടെ അധികാര പരിധിയും സ്വത്ത് വിനിയോഗവും നിയന്ത്രിക്കപ്പെടുമെന്നതാണ് ഏറ്റവും പ്രധാന കാര്യം. ഭേദഗതി പ്രകാരം ഭൂമി വഖഫില്‍ പെട്ടതാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം ബോര്‍ഡിന് നഷ്ടമാകും. പകരം വസ്തുവിന്റെ സര്‍വേ ഉത്തരവാദിത്തം ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും. നിലവില്‍ ഭൂരിപക്ഷം വഖഫ് ബോര്‍ഡ് അംഗങ്ങളും തെരഞ്ഞെടുക്കപ്പെടുന്നവരാണ്. എന്നാല്‍ പുതിയ ബില്ല് നിയമമാകുന്നതോടെ സര്‍ക്കാരിന് മുഴുവന്‍ അംഗങ്ങളെയും നോമിനേറ്റ് ചെയ്യാം. സമുദായം നിയന്ത്രിക്കുന്ന ബോര്‍ഡുകളില്‍ നിന്നും ട്രൈബ്യൂണലുകളില്‍ നിന്നും വഖഫ് ഭരിക്കാനുള്ള അധികാരം ഭരണത്തിലിരിക്കുന്നവരുടെ നിയന്ത്രണത്തിലേക്ക് മാറും.