KeralaTop News

‘കുറ്റപത്രത്തിൽ തൃപ്തിയില്ല; വേറൊരു അന്വേഷണ ഏജൻസി വേണമെന്ന നിലപാടിൽ നിയമ പോരാട്ടം തുടരും’; നവീൻ ബാബുവിന്റെ കുടുംബം

Spread the love

നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ തൃപ്തിയില്ലെന്ന് കുടുംബം. ഗൂഢാലോചനയിൽ പങ്കെടുത്തവരെ കുറിച്ച് അന്വേഷിക്കുന്നില്ല. പി പി ദിവ്യ മാത്രമാണ് പ്രതിയെന്ന മട്ടിലാണ് അന്വേഷണമെന്നും കുടുംബം പറ‍ഞ്ഞു. ആദ്യ പൊലീസ് സംഘം അന്വേഷിക്കുന്നതിൽ നിന്ന് വ്യത്യാസമൊന്നും തോന്നുന്നില്ലെന്ന് കുടുംബം പറയുന്നു.

വേറൊരു അന്വേഷണ ഏജൻസി വേണമെന്ന നിലപാടിൽ നിയമ പോരാട്ടം തുടരുമെന്ന് കുടുംബം വ്യക്തമാക്കി. വേറെ ഒരു അപേക്ഷകനും ഉദ്യോഗസ്ഥനും തമ്മിൽ പല കാര്യങ്ങളിലും ബന്ധപ്പെടുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്യാം. തെളിവുണ്ടായിരുന്നെങ്കിൽ വീഡിയോയോ ഓഡിയോയോ ഹാജരാക്കണമായിരുന്നു കുറ്റപത്രത്തിന്റെ പകർപ്പ് കിട്ടിയെങ്കിലും കൂടുതൽ പറയാനാകൂ. കൊലപാതകം എന്ന സംശയം പരാതിയിൽ പറഞ്ഞിരുന്നെങ്കിലും ആ വഴിക്ക് അന്വേഷണം നടന്നില്ലെന്ന് കുടുംബം പറഞ്ഞു.

കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ദിവ്യയുടെ ആരോപണം സാധൂകരിക്കുന്ന സാഹചര്യ തെളിവുകളും കുറ്റപത്രത്തിലുണ്ട്. നവീൻ ബാബുവും പ്രശാന്തനും നിരവധി തവണ ഫോണിൽ സംസാരിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്‍. തുടർന്നുള്ള ഔദ്യോഗിക ജീവിതത്തിൽ ഗുരുതര വേട്ടയാടൽ ഉണ്ടാകുമെന്ന് നവീൻ ബാബു ഭയപ്പെട്ടിരുന്നു. മരണമല്ലാതെ മറ്റൊരു മാർഗമില്ലെന്ന ബോധ്യത്താലാണ് ആത്മഹത്യ ചെയ്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു. പുലർച്ചെ 4.56 നും രാവിലെ 8 മണിക്കുമിടയിലാണ് നവീൻ ബാബു ആത്മഹത്യ ചെയ്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

97 പേരുടെ മൊഴി രേഖപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കുറ്റപത്രം 3 വാല്യങ്ങളിലായി 500ലേറെ പേജാണ്. ശാസ്ത്രീയ തെളിവുകളായി സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും ഉൾപ്പെടെ ശേഖരിച്ചിരുന്നു. കേസിൽ പി പി ദിവ്യ മാത്രമാണ് പ്രതി. മരണ കാരണം യാത്രയയപ്പ് യോഗത്തിൽ പിപി ദിവ്യ നടത്തിയ അധിക്ഷേപം എന്നുമാണ് കുറ്റപത്രത്തിലുള്ളത്.