KeralaTop News

ഗുരുതര വേട്ടയാടൽ ഉണ്ടാകുമെന്ന് നവീൻ‌ ബാബു ഭയപ്പെട്ടു; മരണമല്ലാതെ മറ്റൊരു മാർഗമില്ലെന്ന് കരുതി ആത്മഹത്യ’; കുറ്റപത്രം

Spread the love

കണ്ണൂർ മുൻ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ദിവ്യയുടെ ആരോപണം സാധൂകരിക്കുന്ന സാഹചര്യ തെളിവുകളും കുറ്റപത്രത്തിലുണ്ട്. നവീൻ ബാബുവും പ്രശാന്തനും നിരവധി തവണ ഫോണിൽ സംസാരിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്‍.

തുടർന്നുള്ള ഔദ്യോഗിക ജീവിതത്തിൽ ഗുരുതര വേട്ടയാടൽ ഉണ്ടാകുമെന്ന് നവീൻ ബാബു ഭയപ്പെട്ടിരുന്നു. മരണമല്ലാതെ മറ്റൊരു മാർഗമില്ലെന്ന ബോധ്യത്താലാണ് ആത്മഹത്യ ചെയ്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു. പുലർച്ചെ 4.56 നും രാവിലെ 8 മണിക്കുമിടയിലാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. എൻഒസി ലഭിക്കുന്നതിനു മുമ്പ് പ്രശാന്തൻ ബാങ്കിൽ നിന്നും പണം പിൻവലിച്ചിരുന്നു. എൻഒസി അനുവദിക്കും മുൻപ് പ്രശാന്തൻ ക്വാർട്ടേഴ്സിലെത്തി നവീൻ ബാബുവിനെ കണ്ടിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

അതേസമയം പ്രശാന്തൻ നവീൻ ബാബുവിന് പണം കൈമാറിയതിന് നേരിട്ടുള്ള തെളിവുകൾ ഇല്ല. സാധൂകരണ തെളിവുകൾ ഉണ്ടെങ്കിലും സ്വീകരിക്കേണ്ട നിയമ നടപടി ദിവ്യ സ്വീകരിച്ചില്ല. പൊതുമധ്യത്തിൽ ഉന്നയിക്കും മുമ്പ് എവിടെയും പരാതി അറിയിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. പെട്രോൾ പമ്പിന് അപേക്ഷിച്ച ടി വി പ്രശാന്തൻ കേസിൽ 43 ആം സാക്ഷിയാണ്. ആകെ 79 സാക്ഷികളാണ് ഉള്ളത്.

97 പേരുടെ മൊഴി രേഖപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കുറ്റപത്രം 3 വാല്യങ്ങളിലായി 500ലേറെ പേജാണ്. ശാസ്ത്രീയ തെളിവുകളായി സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും ഉൾപ്പെടെ ശേഖരിച്ചിരുന്നു. കേസിൽ പി പി ദിവ്യ മാത്രമാണ് പ്രതി. മരണ കാരണം യാത്രയയപ്പ് യോഗത്തിൽ പിപി ദിവ്യ നടത്തിയ അധിക്ഷേപം എന്നുമാണ് കുറ്റപത്രത്തിലുള്ളത്. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തി, പ്രചരിപ്പിച്ചതും പിപി ദിവ്യ തന്നെയെന്ന് കുറ്റപത്രത്തിൽ പറയുന്നു.

പെട്രോൾ പമ്പിന് അനുമതി നൽകാൻ നവീൻ ബാബു കൈക്കൂലി വാങ്ങി എന്നായിരുന്നു പി പി ദിവ്യയുടെ ആരോപണം. എന്നാൽ കൈക്കൂലി വാങ്ങിയിട്ടില്ല എന്നാണ് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിലെ കണ്ടെത്തൽ. ഫയൽ നീക്കവുമായി ബന്ധപ്പെട്ട് യാതൊരുവിധ അസ്വഭാവികതയുമില്ല, അനധികൃത ഇടപെടലുമുണ്ടായിട്ടില്ല, കൈക്കൂലി വാങ്ങിയതിന് തെളിവുമില്ല എന്നാണ് റിപ്പോർട്ടിൽ വ്യക്തമാകുന്നത്.