ബിഹാറില്‍ കനയ്യ കുമാറിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രം ശുദ്ധീകരിച്ച സംഭവം; രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്
ബിഹാറില്‍ കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രം ശുദ്ധീകരിച്ച സംഭവത്തില്‍ വിവാദം. സഹര്‍സ ജില്ലയിലെ ബംഗാവ് ഗ്രാമത്തിലെ ദുര്‍ഗാ ദേവി ക്ഷേത്രത്തിലാണ് സംഭവം. ബിജെപിക്കാര്‍ അല്ലാത്തവരെ തൊട്ടുകൂടാത്തവരായി കണക്കാക്കുമോ എന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
കുടിയേറ്റം നിര്‍ത്തുക, ജോലി നല്‍കുക എന്ന മുദ്രാവാക്യവുമായി നടത്തുന്ന യാത്രയ്ക്കിടെ ഗ്രാമത്തിലെ ദുര്‍ഗാ ദേവി ക്ഷേത്രം കനയ്യ സന്ദര്‍ശിച്ചിരുന്നു. ക്ഷേത്ര പരിസരത്ത് ജനങ്ങളെ അഭിസംബോധന ചെയ്തതിന് ശേഷമാണ് അദ്ദേഹം അകത്തേക്ക് പ്രവേശിച്ചത്. കനയ്യ മടങ്ങിയതിന് തൊട്ടുപിന്നാലെ ചില ആളുകള്‍ ക്ഷേത്രം കഴുകി വൃത്തിയാക്കി. ഇതിന്റെ വീഡിയോ അടക്കം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
മറ്റ് പാര്‍ട്ടികളുടെ അനുകൂലികളെ തൊട്ടകൂടാത്തവരായാണോ ബിജെപിയും ആര്‍എസ്എസും കണക്കാക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ഗ്യാന്‍ രഞ്ജന്‍ ഗുപ്ത ചോദിച്ചു. പരശുരാമന്റെ പിന്‍ഗാമികളെ അനാദരിക്കുന്നതാണ് ഈ പ്രവര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബിജെപി ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് കനയ്യ കുമാറിനെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും ജനങ്ങള്‍ തിരസ്‌കരിക്കുന്നതിന്റെ സാക്ഷ്യമാണ് ഇത്തരത്തില്‍ ക്ഷേത്രം കഴുകുന്നതിലൂടെ വെളിവാകുന്നതെന്നും ബിജെപി പരിഹസിച്ചു. അതേസമയം, ഏല്ലാ ജാതിയിലുള്ളവര്‍ക്കും ക്ഷേത്രത്തിലേക്ക് പ്രവേശനാനുമതിയുണ്ടെന്ന് ഗ്രാമത്തിലെ ജനങ്ങള്‍ പറയുന്നു.