മദ്യപ സംഘത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു; ഒരാള്‍ കസ്റ്റഡിയില്‍
മദ്യപാനസംഘത്തെ ചോദ്യം ചെയ്തതിന് തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന ആളുകള്‍ പ്രവീണിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തു. മെഡിക്കല്‍ കോളജ് പൊലീസാണ് കേസന്വേഷിക്കുന്നത്.
അതേസമയം, മലപ്പുറം താനൂരില്‍ എംഡിഎംഎയ്ക്ക് പണം നല്‍കാത്തതിനാല്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. താനൂര്‍ പൊലീസ് ഇടപെട്ട് യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. ലഹരി ജീവിതം നശിപ്പിച്ചെന്ന് യുവാവ് വെളിപ്പെടുത്തുന്ന ദൃശ്യം ട്വന്റിഫോറിന് ലഭിച്ചു.
നാട്ടുകാരും അയല്‍വാസികളും ഇടപെട്ടുകൊണ്ടാണ് യുവാവിനെ കൈകാലുകള്‍ ബന്ധിച്ച് താനൂര്‍ പൊലീസില്‍ വിവരമറിയിച്ചത്. താനൂര്‍ ഡിവൈഎസ്പി പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി.