Thursday, March 20, 2025
KeralaTop News

നഴ്‌സിങ് കോളജുകളിലെ റാഗിംഗ്; കര്‍ശന നിര്‍ദേശങ്ങളുമായി ഡിഎംഇ

Spread the love

കോട്ടയം നഴ്‌സിങ് കോളജിലെ റാഗിംഗിന് പിന്നാലെ കര്‍ശന നടപടികളിലേയ്ക്ക് ആരോഗ്യവകുപ്പ്. വിദ്യാർഥികള്‍ക്കിടയില്‍ രഹസ്യ സര്‍വേ, പരാതി അയക്കാന്‍ ഇ-മെയില്‍, സിസിടിവി നിരീക്ഷണം എന്നിവ ഓരോ കോളജിലും ഏര്‍പ്പെടുത്തണം. പ്രശ്‌നക്കാരായ വിദ്യാർഥികളെ കണ്ടെത്തി നടപടി സ്വീകരിക്കണം. കോളജ് തലം മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസ തലത്തില്‍ വരെ ആന്റീ റാഗിംഗ് സെല്‍ രൂപീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.

ആന്റി റാഗിംഗ് പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് പുതിയ നിര്‍ദേശങ്ങള്‍. റാഗിംഗിന് എതിരായ ബോധവല്‍ക്കരണ ക്ലാസില്‍ എല്ലാകുട്ടികളെയും പങ്കെടുപ്പിക്കണം. അധ്യായന വര്‍ഷം ആരംഭിച്ച് ആദ്യ ആറ് മാസത്തില്‍ കുറഞ്ഞത് മൂന്ന് ആന്റി റാഗിംഗ് ക്ലാസുകള്‍ നടത്തണം. കോളജുകളിലും ഹോസ്റ്റലുകളിലും റാഗിംഗ് ശിക്ഷയെക്കുറിച്ചും, ആന്റി റാംഗിഗ് കമ്മിറ്റി അംഗങ്ങളുടെ ഫോണ്‍ നമ്പറുകളും പ്രദര്‍ശിപ്പിക്കണം. ഒന്നാം വര്‍ഷ വിദ്യാർഥികൾക്കിടയിൽ രഹസ്യ സര്‍വേകള്‍ നടത്തണം. എല്ലാ കോളജുകളും ഒരു തനതായ ഒരു കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണം. സ്ക്വാഡുകളും രൂപീകരിച്ച് ഹോസ്റ്റലുകള്‍, ബസുകള്‍, കാന്റീനുകള്‍, ഗ്രൗണ്ടുകള്‍, ക്ലാസ് മുറികള്‍, വിദ്യാർഥികൾ ഒത്തുകൂടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സൂക്ഷമ പരിശോധന നടത്തണം. പ്രശ്‌നക്കാരായ വിദ്യാര്‍ഥികളെ കണ്ടെത്തി നടപടി എടുക്കണം. സിസിടിവി നിരീക്ഷണം ശക്തമാക്കണം.

നിലവില്‍ റാഗിംഗ് സംബന്ധമായ സ്ഥിവിവരക്കണക്ക് എല്ലാ മാസവും 5 ന് കോളജ് അറിയിക്കുകയും, ഈ കണക്കുകള്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ 10 ന് പ്രസിദ്ധീകരിക്കുകയും വേണം. റാഗിംഗ് പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും, തടയുന്നതിലും പരാജയപ്പെട്ടാല്‍ പ്രിന്‍സിപ്പലിനെതിരെ റാഗിംഗ് പ്രേരണക്കുറ്റം ചുമത്താമെന്നും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നഴ്‌സിംഗ് കോളജുകളിലാണ് നിർദേശങ്ങൾ ആദ്യം നടപ്പാക്കേണ്ടത്.