Top NewsWorld

സുനിത വില്യംസിന്റെ മടങ്ങിവരവ്; നാസയെയും ട്രംപിനെയും അഭിനന്ദിച്ച് മസ്ക്

Spread the love

ക്രൂ- 9 ന്റെ വിജയകരമായ ലാന്റിങ്ങിന് സ്പേസ് എക്സിനും നാസക്കും ഡൊണൾഡ് ട്രംപിനും അഭിനന്ദനമറിയിച്ച് ഇലോണ്‍ മസ്ക്. എക്സിലൂടെയാണ് മസ്കിന്റെ പ്രതികരണം.

അതേസമയം ഈ ദൗത്യത്തിന്റെ വിജയകരമായ പൂർത്തീകരണം ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിന്റെ പ്രവർത്തന മികവിന്റെ തെളിവായി മാറും, നാസയ്ക്ക് നിർണായക ഘട്ടത്തിൽ സഹായം ലഭ്യമാക്കിയെന്ന അവകാശവാദവുമായി വാണിജ്യ ക്രൂ പ്രോഗ്രാമിന്റെ നിർണായക ഭാഗമായി നിലവിൽ സ്പെയ്സ് എക്സ് മാറിയിരിക്കുന്നു. അതേസമയം മത്സര രംഗത്തുണ്ടായിരുന്ന ബോയിംഗിന്റെ സ്റ്റാർലൈനർ കാലതാമസങ്ങളും സാങ്കേതിക പരാജയങ്ങളും നേരിട്ടതോടെ ചിത്രത്തിൽ ഇല്ലാതാകുകയും ചെയ്തു.

ബുച്ച് വിൽമോറിനെയും സുനിത വില്യംസിനെയും എത്രയും വേഗം തിരികെ കൊണ്ടുവരാമായിരുന്നുവെന്നും ബൈഡൻ ഭരണകൂടം ഓഫർ നിരസിച്ചുവെന്നും മസ്ക് എക്‌സിൽ അവകാശപ്പെട്ടതോടെയാണ് ബോയിങ് സ്റ്റാർലൈനർ അവശേഷിപ്പിച്ച ആശങ്കയുടെ പാതയിൽ മസ്കും സ്പെയ്സ് എക്സും സ്കോർ ചെയ്തത്.

ഇന്ത്യൻ സമയം പുലർച്ചെ 3.27നാണ് സുനിത വില്യംസും സംഘവും ഭൂമിയിയിൽ തിരികെയെത്തിയത്. ഫ്ളോറിഡ തീരത്തിന് സമീപം അറ്റ്ലാന്റിക് സമുദ്രത്തിലാണ് പേടകമിറങ്ങിയത്. കടലിൽ കാത്തിരുന്ന നാസ സംഘം ബഹിരാകാശ യാത്രികരെ കരയിലെത്തിച്ചു.

യാത്രികരെ പുറത്തെത്തിച്ച് നിവർന്ന് നിർത്തിയ ശേഷമാണ് ഇവരെ സ്ട്രെച്ചറിൽ മാറ്റിയത്. നിക് ഹേഗിനെയാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നാലെ അലക്സാണ്ടർ ഗോർബുനോവിനെ എത്തിച്ചു. മൂന്നാമതാണ് സുനിത വില്യംസിനെ പുറത്തെത്തിച്ചത്. ഏറ്റവും ഒടുവിൽ ബുച്ച് വിൽമോറിനെയും പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഹെലികോപ്ടറിൽ തീരത്തേക്ക് എത്തിക്കും. തുടർന്ന് വിമാനത്തിൽ ഹൂസ്റ്റണിൽ എത്തിക്കും. പിന്നാലെ വൈദ്യപരിശോധനകൾക്കായി ഇവരെ വിധേയരാക്കും.

ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുന്ന യാത്രികർ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് ഭൂമിയിലെത്തിയാൽ കാലുകൾ ഉറപ്പിച്ച് നിൽക്കാനോ, നടക്കാനോ ഉള്ള ബുദ്ധിമുട്ട്. പുറത്തെത്തിച്ച നാലം​ഗസംഘത്തിൽ ഇത് പ്രകടമായിരുന്നു. മറ്റ് ആളുകളുടെ സഹായത്തോടെയാണ് ഇവർ നിവർന്ന് നിന്നത്. ഭൂമിയിലെത്തിയാലും സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സുനിതയ്ക്കും ,ബുച്ചിനും ഒപ്പം സഹയാത്രികരായ നിക്ക് ഹേഗ്,അലക്സാണ്ടർ ഗോർബുനേവ് എന്നിവർക്കും ഒരുപാട് സമയമെടുക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.