KeralaTop News

കൈക്കൂലിക്കേസ് : ഐഒസി ഡിജിഎം അലക്‌സ് മാത്യുവിനെ സസ്‌പെന്‍ഡ് ചെയ്തു

Spread the love

ഗ്യാസ് ഏജന്‍സി ഉടമയില്‍ നിന്നും രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനു പിടിയിലായ ഐഒസി ഡിജിഎം അലക്‌സ് മാത്യുവിനെ സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ മുന്‍പും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന പരാതിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്‍ അന്വേഷണം തുടങ്ങി. വൈദ്യ പരിശോധനക്കിടെ ഇസിജി വ്യതിയാനം കണ്ടെത്തിയതിന് തുടര്‍ന്ന് അലക്‌സ് മാത്യുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി കടയ്ക്കലിലെ ഗ്യാസ് ഏജന്‍സി ഉടമ മനോജില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് അലക്‌സ് മാത്യു പിടിയിലായത്. മനോജിന്റെ കവടിയാറിലെ വീട്ടില്‍ നിന്നും അതിവിദഗ്ധമായാണ് വിജിലന്‍സ് സംഘം അലക്‌സിനെ കുടുക്കിയത്. ഉപഭോക്താക്കളെ മറ്റ് ഏജന്‍സികളിലേക്ക് മാറ്റാതിരിക്കാന്‍ 10 ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്നായിരുന്നു ആവശ്യം. അഡ്വാന്‍സായി രണ്ട് ലക്ഷം രൂപ വാങ്ങാനാണ് അലക്‌സ് കവടിയാറില്‍ എത്തിയത്.

പിടിയിലാകുമ്പോള്‍ കൈക്കൂലി പണം രണ്ട് ലക്ഷത്തിന് പുറമേ ഒരു ലക്ഷം രൂപ കൂടി അലക്‌സില്‍ നിന്നും കണ്ടെത്തിയിരുന്നു. ബാങ്കില്‍ നിന്നെടുത്ത പണമാണിതെന്നാണ് അലക്‌സിന്റെ മൊഴി. എന്നാല്‍ അതിന്റെ രേഖകള്‍ അലക്‌സ് നല്‍കിയിട്ടില്ല. ഇയാളുടെ കൊച്ചിയിലെ വീട്ടിലും വിജിലന്‍സ് സംഘം പുലര്‍ച്ചെ വരെ പരിശോധന നടത്തിയിരുന്നു. റെയ്ഡില്‍ വീട്ടില്‍ നിന്ന് 7 ലിറ്റര്‍ വിദേശമദ്യവും, 29 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖകളും, പണവും കണ്ടെത്തിയിരുന്നു. ഇയാള്‍ മുമ്പും ഗ്യാസ് ഏജന്‍സി ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന പരാതിയില്‍ വിശദഅന്വേഷണത്തിന് ഒരുങ്ങുകയാണ് വിജിലന്‍സും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും.
അലക്‌സിന്റെ സാമ്പത്തിക ഇടപാടുകളിലേക്കും ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തും. അതേസമയം ഇന്നലെ രാത്രിയില്‍
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ അലക്‌സ് മാത്യുവിന് ഇസിജിയില്‍ വ്യതിയാനം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസ്ചാര്‍ജ് ചെയ്താല്‍ ഇന്നുതന്നെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.