‘കേരളത്തിലെ CPIM എന്താണ് കാണിക്കുന്നത്, ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പുഷ്പനെ അറിയാമോ എന്ന പാട്ടാണ് പാടുന്നത്, BJPക്ക് വഴിയൊരുക്കുന്നു’; വി ഡി സതീശൻ
കേരളത്തിലെ ലഹരി മാഫിയയുടെ രാഷ്ട്രീയ രക്ഷക്ർതൃത്വം സിപിഐഎം ഏറ്റെടുത്തിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതിൽ നിന്ന് പിന്മാറാൻ സിപിഐഎം തയ്യാറാകണം. ലഹരി മാഫിയയുമായി യുവജന വിദ്യാർഥി സംഘടനകൾക്ക് ബന്ധം ഉണ്ട്. ആ സംഘടനകൾക്ക് സംരക്ഷണം നൽകുന്നത് സിപിഐഎംഎന്നും വി ഡി സതീശൻ ആരോപിച്ചു.
താൻ ഇക്കാര്യം നേരത്തെ നിയമസഭയിൽ പറഞ്ഞിരുന്നു. കേരളത്തിലെ സിപിഐഎം എന്താണ് കാണിക്കുന്നത്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പുഷ്പനെ അറിയാമോ എന്ന പാട്ടാണ് പാടുന്നത്. ഇത്തരം പരിപാടികൾ നടത്തുന്നതിലൂടെ ബിജെപിക്ക് വഴിയൊരുക്കുകയാണ്. നാണം കെട്ട പാർട്ടിയായി സിപിഐഎം മാറിഎന്നും വി ഡി സതീശൻ വിമർശിച്ചു.
ലഹരി കേസിൽ എസ് എഫ് ഐ എന്ന ആരോപണത്തിനെതിരായ മന്ത്രിമാരുടെ പ്രതികരണത്തിൽ വി ഡി സതീശൻ രംഗത്തെത്തി. അവരങ്ങ് സമ്മതിച്ചാൽ പോര. എസ്എഫ്ഐ കുറ്റപ്പെടുത്തുക തന്നെ ചെയ്യും. പൂക്കോട്, കോട്ടയം ഉൾപ്പെടെ നേരത്തെയും പറഞ്ഞിരുന്നു. പൂക്കോട് ആത്മഹത്യയാണോ കെട്ടിത്തൂക്കിയതാണോ എന്ന് ഇപ്പോഴും അറിയില്ല. അവർ തെറ്റുകാരാണെന്ന് എസ് എഫ് ഐ നേതൃത്വം തന്നെ പറയുന്നു. പിന്നെ മന്ത്രിമാർക്ക് എന്താണ് പ്രശ്നമെന്നും വി ഡി സതീശൻ ചോദിച്ചു.