KeralaTop News

എസ്എഫ്‌ഐയെ വേട്ടയാടാനുള്ള ആയുധമായി കഞ്ചാവ് കേസ് ഉപയോഗിക്കുന്നു’ ; പി എസ് സഞ്ജീവ്

Spread the love

മാധ്യമങ്ങളെയും പ്രതിപക്ഷ നേതാവിനെയും രൂക്ഷമായി വിമര്‍ശിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. കളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐയെ ബോധപൂര്‍വം മാധ്യമങ്ങള്‍ വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് കിലോ കഞ്ചാവുമായി പിടിയിലായവരുടെ കെ എസ് യു പശ്ചാത്തലം മറച്ചുവച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പിടിലായ ആഷിഖ്, ഷാലിക് എന്നിവരെ പൂര്‍വ്വവിദ്യാര്‍ത്ഥികളായി മാത്രം അവതരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ന് അറസ്റ്റിലായ മൂന്ന് പേരും കെ എസ് യുവിന്റെ നേതാക്കളാണ്. ഒരു വാര്‍ത്തകൊണ്ടോ അക്ഷരംകൊണ്ടോ നിങ്ങളൊന്ന് വിമര്‍ശിക്കാന്‍ തയാറായോ. ചിത്രങ്ങള്‍ സഹിതം നിങ്ങളുടെ മുന്നിലുണ്ട് – അദ്ദേഹം ചോദിച്ചു. കേസില്‍ കെ എസ് യു ബന്ധം ചൂണ്ടിക്കാട്ടുന്ന ചിത്രങ്ങളും സഞ്ജീവ് പുറത്ത് വിട്ടു. കെ എസ് യുവിന്റെ സംസ്ഥാന സെക്രട്ടറി ജിഷ്ണു, ജില്ലാ സെക്രട്ടറി, അറസ്റ്റിലായ ഷാലിക് എന്നിവര്‍ ഒരുമിച്ചുള്ള ചിത്രമടക്കമാണ് പുറത്ത് വിട്ടത്.

കെ എസ് യുവിന്റെ നേതാക്കന്‍മാര്‍ ഇപ്പോള്‍ യാത്രയിലാണ്. യാത്ര നടത്തി എറണാകുളത്തെത്തിയപ്പോള്‍ ഡിസോണ്‍ കലോത്സവത്തില്‍ എസ്എഫ്‌ഐക്കാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരും മരട് അനീഷും കൂടി നില്‍ക്കുന്ന ചിത്രം പുറത്ത് വരുന്നു. കൊട്ടേഷന്‍ നേതാവുമായി വിദ്യാര്‍ത്ഥി നേതാവിന് എന്താണ് ബന്ധം? – അദ്ദേഹം ചോദിച്ചു.

കേരളത്തിലെ പ്രതിപക്ഷ നേതാവ് എത്ര ജനാധിപത്യ വിരുദ്ധനാനായിട്ടുള്ളയാളാണെന്നും അദ്ദേഹം ചോദിച്ചു. നിലവാരം പുലര്‍ത്താത്ത നേതാവാണ് വിഡി സതീശന്‍. പ്രതിപക്ഷം മരട് അനീഷിന്റെ ശിഷ്യന്മാര്‍ക്ക് ക്ലാസ് എടുത്താല്‍ മതി. ചോദ്യങ്ങളോട് അലോസരപ്പെടുന്ന പ്രതിപക്ഷ നേതാവ് ഇപ്പോള്‍ കൃത്യമായി പറഞ്ഞുകൊണ്ടിരിക്കുന്നത് എസ്എഫ്‌ഐ വിരുദ്ധ രാഷ്ട്രീയമാണ്. എന്തു പറഞ്ഞാലും എസ്എഫ്‌ഐ. നേരത്തെയും പറയുന്നത് കേട്ടു, ഞങ്ങള്‍ ഇനിയും എസ്എഫ്‌ഐയെ കുറിച്ച് പറയുമെന്നും വിമര്‍ശിക്കുമെന്നും. അങ്ങനെ ആര്‍ക്കും കേറി കൊട്ടാനുള്ള ചെണ്ടയൊന്നുമല്ല എസ്എഫ്‌ഐ. ഇടതുവിരുദ്ധത ബാധിച്ച് ഇടപെടുകയാണ് അദ്ദേഹം. വിഡി സതീശന്റെ ആരോപണങ്ങള്‍ അങ്ങേയറ്റം അവജ്ഞയോടെ തള്ളിക്കളയുന്നു. രാഷ്ട്രീയ കേരളത്തില്‍ നിലവാരം പുലര്‍ത്താത്ത നേതാവാണ് വിഡി സതീശന്‍. എസ്എഫ്‌ഐയുടെ തലയില്‍ കെട്ടിവച്ച് ഞങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കാമെന്നതാകും പുതിയ അജണ്ട – അദ്ദേഹം പറഞ്ഞു.