NationalTop News

ഹിന്ദി വേണ്ടെങ്കിൽ പിന്നെ എന്തിനാണ് തമിഴ് ചിത്രങ്ങൾ മൊഴിമാറ്റം ചെയ്ത് പണം ഉണ്ടാക്കുന്നത്; ഇത് ഇരട്ടത്താപ്പ്’; പവൻ കല്യാൺ

Spread the love

ഭാഷാ വിവാദത്തിൽ തമിഴ്നാടിനെ വിമർശിച്ച് ആന്ധ്രാ ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ചില തമിഴ് രാഷ്ട്രീയ നേതാക്കൾ ഹിന്ദിയെ എതിർക്കുന്നു. പക്ഷെ തമിഴ് ചിത്രങ്ങൾ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്ത് പണം ഉണ്ടാക്കുന്നതായും ഇത് ഇരട്ടത്താപ്പാണെന്നും പവൻ കല്യാൺ പറഞ്ഞു. എന്നാൽ രണ്ട് ഭാഷ മതി എന്ന നിലപാട് തെറ്റെന്നും രാജ്യത്തെ എല്ലാ ഭാഷകൾക്കും പ്രാധാന്യം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

“തമിഴ്‌നാട്ടിൽ ആളുകൾ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ എതിർക്കുന്നു. അവർക്ക് ഹിന്ദി വേണ്ടെങ്കിൽ പിന്നെ എന്തിനാണ് സാമ്പത്തിക നേട്ടങ്ങൾക്കായി അവർ തമിഴ് സിനിമകൾ ഹിന്ദിയിൽ ഡബ്ബ് ചെയ്യുന്നത്? ഇത് എന്നെ അത്ഭുതപ്പെടുത്തുന്നു? ബോളിവുഡിൽ നിന്ന് പണം ആഗ്രഹിക്കുന്ന അവർക്ക് പക്ഷേ ഹിന്ദി സ്വീകരിക്കാൻ വിസമ്മതിക്കുന്നു. എന്ത് തരത്തിലുള്ള യുക്തിയാണിത്?” പവൻ കല്യാൺ ചോദിച്ചു.

ഹിന്ദി സംസാരിക്കുന്ന ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ സ്വാഗതം ചെയ്യുകയും എന്നാൽ ഹിന്ദി ഭാഷ നിരസിക്കുകയും ചെയ്യുന്നത് തമിഴ്‌നാടിന്റെ ഭാഗത്തുനിന്നുള്ള “അന്യായമാണ്” എന്ന് പവൻ കല്യാൺ പറഞ്ഞു. ഹരിയാന, യുപി, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിൽ താമസിക്കുന്നുണ്ടെന്ന് അദേഹം പറഞ്ഞു.

പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ‘ത്രിഭാഷാ ഫോർമുല’യെച്ചൊല്ലി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരും ഡിഎംകെ ഭരിക്കുന്ന തമിഴ്‌നാടും തമ്മിൽ കടുത്ത തർക്കം നിലനിൽക്കുന്നതിനിടെയാണ് ആന്ധ്രാ ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ പ്രതികരണം. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് ‘ത്രിഭാഷാ’ ഫോർമുലയെന്ന് തമിഴ്നാട് ആരോപിക്കുന്നത്. അതേസമയം യുവാക്കൾക്ക് വിവിധ മേഖലകളിൽ തൊഴിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നയമെന്ന് കേന്ദ്രം വാദിക്കുന്നു.