CPIM ലോക്കൽ കമ്മറ്റി സെക്രട്ടറിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിൽ നടപടിയില്ല; ആരോപണവിധേയനെ പാർട്ടി സംരക്ഷിക്കുന്നെന്ന് പരാതി
ആലപ്പുഴയിൽ ലൈംഗിക അതിക്രമ പരാതിയിൽ സിപിഐഎം ലോക്കൽ കമ്മറ്റി സെക്രട്ടറിയെ പാർട്ടി സംരക്ഷിക്കുന്നതായി പരാതി. വീയപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി സൈമൺ എബ്രഹാമിനെതിരെയാണ് പരാതി. സംസ്ഥാന സെക്രട്ടറിക്കടക്കം വനിത അംഗം പരാതി നൽകിയിരുന്നു. പാർട്ടിയിൽ നിന്നും നീതി ലഭിയ്ക്കാത്ത സാഹചര്യത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് വനിതാ അംഗം അറിയിച്ചു.
കഴിഞ്ഞ വർഷം ഡിസംബർ 24നാണ് മുൻ ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായിട്ടുള്ള വനിതാ പാർട്ടി അംഗം സൈമൺ എബ്രഹാമിനെതിരെ പരാതി നൽകുന്നത്. ലൈംഗിക ചൂഷണം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. സംഘടന പരിപാടിക്കെത്തുമ്പോൾ ഇയാൾ മോശമായി പെരുമാറിയെന്നും ലൈംഗിക ഛേഷ്ട കാണിച്ചുവെന്നും പരാതിയിൽ പറയുന്നു. ഇതിന് മറ്റൊരു ലോക്കൽ സെക്രട്ടറിയായ വനിത അംഗം സാക്ഷിയാണെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
തനിക്കെതിരെ സൈമൺ എബ്രഹാം വ്യാജ പ്രചാരണം നടത്തുന്നതായും പരാതിയിൽ പറയുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും ഭർതൃമാതാവിനെ തല്ലിയെന്നും എന്ന രീതിയിലും വ്യാജ പ്രചാരണം നടക്കുന്നുവെന്ന് ലോക്കൽ കമ്മറ്റി സെക്രട്ടറി നടത്തുന്നുവെന്ന് പരാതിക്കാരി പറയുന്നു. ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്തതിനെ തുടർന്നാണ് വ്യാജ പ്രചാരണം നടത്തുന്നതെന്ന് പരാതിക്കാരി പറയുന്നു.
സംഭവത്തിൽ സംസ്ഥാന സെക്രട്ടി എംവി ഗോവിന്ദന് പരാതി നൽകിയിരുന്നു. പരാതിയിൽ കേന്ദ്ര കമ്മിറ്റിയംഗം സിഎസ് സുജാതയോടും ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനോടും അന്വേഷിക്കാൻ എംവി ഗോവിന്ദൻ നിർദേശം നൽകി. അന്വേഷണ റിപ്പോർട്ട് നൽകിയെങ്കിലും പുറത്തുവിട്ടിട്ടില്ല. പരാതിയിൽ നടപടിയും ഉണ്ടായിട്ടില്ല. തുടർന്നാണ് പരാതി പൊലീസിന് കൈമാറാനാണ് പരാതിക്കാരിയുടെ തീരുമാനം.