സംസ്ഥാന സമിതിയിലെ നിയമനങ്ങൾ ബോധ്യപ്പെടാത്തവരെ പാർട്ടി ബോധ്യപ്പെടുത്തും; എ പത്മകുമാറിൻ്റെ പ്രതികരണം തെറ്റ്, എം വി ഗോവിന്ദൻ
എ പത്മകുമാറിന്റെ പ്രതികരണം തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിക്കകത്ത് പറയേണ്ട കാര്യങ്ങൾ പരസ്യമായി പറഞ്ഞു. അതെല്ലാം സംഘടനാപരമായി പരിശോധിക്കുമെന്നും ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകും. അതിൽ ആർ തെറ്റ് ചെയ്തു എന്നതിനല്ല പ്രാധാന്യം, സംസ്ഥാന സമിതിയിലെ നിയമനങ്ങൾ ബോധ്യപ്പെടാത്തവരെ പാർട്ടി ബോധ്യപ്പെടുത്തുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കൂട്ടായ നേതൃത്വം ആണ് പാർട്ടി ഉദ്ദേശിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി പാർട്ടിയെ നവീകരിക്കുക എന്നത് ബ്രാഞ്ച് തലം മുതൽ നടന്ന കാര്യമാണ്. സംഘടനാപരമായ ചെയ്യേണ്ട കാര്യങ്ങൾ പാർട്ടി ചെയ്യും. അത് മാധ്യമങ്ങൾ പറയേണ്ടതില്ല. ഈർഷ്യയോടെ പെരുമാറിയാൽ മാധ്യമങ്ങളോട് അങ്ങനെ മാത്രമേ പെരുമാറാൻ പറ്റൂ. പക്ഷേ അത് ഞാൻ പരമാവധി കുറച്ചാണ് പറയുന്നത്. എത്രകാലം പ്രവർത്തിച്ചു എന്നുള്ളതല്ല കാര്യം. പഴയ നേതാക്കളും പുതിയവരും ചേർന്ന കൂട്ടായ നേതൃത്വം ആണ് ഉദ്ദേശിക്കുന്നത്. മെറിറ്റും മൂല്യവുമാണ് മാനദണ്ഡം. മെറിറ്റും മൂല്യവും വ്യക്തിപരമായി ഓരോരുത്തർക്കും ബോധ്യപ്പെടേണ്ടതാണ്. ബോധ്യപ്പെടാത്തവർക്ക് ബോധ്യപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു
അതേസമയം, കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് കള്ളപ്രചരണത്തിനാണ് നീക്കം നടത്തുകയാണെന്നും ജനങ്ങൾ ജാഗ്രതയോടെ ഇക്കാര്യം മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.