KeralaTop News

KPCC വേദിയിൽ CPIM നേതാവ് ജി സുധാകരൻ: കേരളത്തിൻ്റെ ചരിത്രത്തിലെ നീതിമാനായ മന്ത്രിയെന്ന് പുകഴ്ത്തി വി ഡി സതീശൻ

Spread the love

മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ കെപിസിസി വേദിയിൽ. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിലാണ് മുതിർന്ന സിപിഐ നേതാവ് സി ദിവാകരനൊപ്പം ജി സുധാകരനും പങ്കെടുത്തത്.

മുൻ പൊതുമരാമത്ത് മന്ത്രിയായ ജി സുധാകരനെയും മുൻ ഭക്ഷ്യ മന്ത്രിയായിരുന്ന സി ദിവാകരനെയും പുകഴ്ത്തിയാണ് പ്രതിപക്ഷ നേതാവ് സംസാരിച്ചത്. പരിപാടിയുടെ ഭാഗമായ മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാർ വിഡി സതീശൻ ഉദ്ഘാടനം ചെയ്‌തു.

കേരളത്തിൻ്റെ ചരിത്രത്തിലെ നീതിമാനായ പൊതുമരാമത്ത് മന്ത്രിയാണ് ജി സുധാകരൻ. സി.ദിവാകരൻ നിയമസഭയിൽ ഉപദേശം നൽകിയ ജേഷ്ഠ സഹോദരനാണ്. ഇരുവരെയും തങ്ങൾക്ക് നിയമസഭയിൽ വിമർശിക്കേണ്ടി വന്നിട്ടില്ലെന്നും വിഡി സതീശൻ പറ‌ഞ്ഞു.

ശ്രീ നാരായണ ഗുരുവും ഗാന്ധിജിയും സഞ്ചരിച്ചത് ഒരേ വഴിയിലൂടെയാണ്. കേരളത്തിലെ സാമൂഹ്യമാറ്റത്തിന് ഗുരു തിരി കൊളുത്തി. ഗുരുവുമായും അയ്യങ്കാളിയുമായുള്ള കൂടിക്കാഴ്ച ഒരുപാട് മാറ്റം തന്നിൽ ഉണ്ടാക്കിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഗാന്ധി എഴുതി. ഗുരു-ഗാന്ധി സംഗമത്തിന്റെ സന്ദേശം വരും തലമുറയ്ക്കും പകരണം. വ്യവസ്ഥിതിക്കെതിരായ പോരാട്ടം പ്രത്യയ ശാസ്ത്രത്തിന്റെ തടവറ പ്രശ്നമാകില്ലെന്ന് ഇരുവരും തെളിയിച്ചുവെന്നും വി ഡി സതീശൻ വ്യക്തമാക്കി.

താൻ കോൺഗ്രസ് വേദിയിൽ പുതിയ ആളല്ലെന്ന് സിപിഐ നേതാവ് സി ദിവാകരൻ പറഞ്ഞു. ജി. സുധാകരനാണ് ഇന്നത്തെ താരം. നിയമസഭയിലെ കിറുകൃത്യം സാമാജികനാണ് വി ഡി സതീശൻ. ഇരുത്തം വന്ന നേതാവാണ് രമേശ് ചെന്നിത്തല. 28 ആം വയസിൽ രമേശ് മന്ത്രിയായി.താൻ ആ പ്രായത്തിൽ കൊടിയും പിടിച്ച് നടക്കുന്നുവെന്നും ദിവാകരൻ പറഞ്ഞു.

ജി. സുധാകരന് മുൻപ് തന്നെ സംസാരിക്കാൻ വിളിച്ചത് എന്തിനെന്നറിയാം. സുധാകരൻ സംസാരിച്ച് കഴിഞ്ഞാൽ നിങ്ങളെല്ലാം പോകുമെന്ന് സി. ദിവാകരൻ പറഞ്ഞു. ഗുരുവിന്റെ തത്വങ്ങൾ ഗുരുവിൻ്റെ പിൻഗാമികൾ തന്നെ തെറ്റിക്കുന്നു. കേരളം ചർച്ച ചെയ്യുന്നത് ബ്രൂവറി വേണോ വേണ്ടയോ എന്നാണ്. പടിപടിയായി മദ്യം കുറക്കുമെന്നാണ് പറഞ്ഞത്. എവിടെ കുറയ്ക്കാനെന്നും ദിവാകരൻ വിമർശിച്ചു.