KeralaTop News

എലപ്പുള്ളി മദ്യ നിർമാണശാല: ചട്ടവിരുദ്ധമായി കൂടുതൽ ഭൂമി കൈവശം വെച്ചു; ഒയാസിസിനെതിരെ കേസ് എടുക്കാൻ റവന്യൂ വകുപ്പ് നിർദേശം

Spread the love

പാലക്കാട്ടെ എലപ്പുള്ളിയിൽ മദ്യ നിർമാണശാല തുടങ്ങാൻ അനുമതി ലഭിച്ച ഒയാസിസ് കമ്പനിക്കെതിരെ കേസ് എടുക്കാൻ റവന്യൂ വകുപ്പ് നിർദേശം. ചട്ടവിരുദ്ധമായി കൂടുതൽ ഭൂമി കൈവശം വച്ചതിനാൽ മിച്ചഭൂമി കേസെടുക്കാമെന്ന് റവന്യു മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.

1963ലെ ചട്ടപ്രകാരം കമ്പനിക്ക് കൈവശം വയ്ക്കാവുന്നത് പരമാവധി 12 മുതൽ 15 ഏക്കർ വരെ ഭൂമിയാണ്. എന്നാൽ ഒയാസിസിൻ്റെ കൈവശം 23.92 ഏക്കർ ഭൂമിയുണ്ട്. നിയമവിരുദ്ധമായാണ് കൂടുതൽ ഭൂമി ഒയാസിസ് കൈവശം വയ്ക്കുന്നതെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ മിച്ച ഭൂമി കേസ് രജിസ്റ്റർ ചെയ്യാൻ താലൂക്ക് ലാൻഡ് ബോർഡിന് സ്റ്റേറ്റ് ലാൻഡ് ബോർഡാണ് അനുമതി നൽകിയത്.

എംഎൽഎമാരായ അൻവർ സാദത്ത്, സി ആർ മഹേഷ് , എം വിൻസൻറ് എന്നിവരുടെ ചോദ്യത്തിന് മന്ത്രി കെ രാജൻ നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ, ഭൂമി തരംമാറ്റത്തിനുള്ള ഒയാസിസ് കമ്പനിയുടെ അപേക്ഷ കൃഷി, റവന്യൂ വകുപ്പുകള്‍ ചേര്‍ന്ന് തള്ളിയിരുന്നു.