ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഏറ്റവും മോശം നിലവാരത്തില്‍ പാകിസ്ഥാന്‍; വിമര്‍ശന പെരുമഴ തീര്‍ത്ത് ആരാധകര്‍
2025-ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ആഥിത്യമരുളിയിട്ടും ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിധത്തില്‍ മോശം പ്രകടനം നടത്തിയ പാകിസ്താന്‍ ടീമിന് സ്വന്തം ആരാധകരുടെയും പാക് മാധ്യമങ്ങളുടെയും വിമര്‍ശനപ്പെരുമഴയേലല്‍ക്കുകയാണിപ്പോള്‍. പാകിസ്താനില്‍ മത്സരങ്ങള്‍ക്കില്ലെന്ന് അറിയിച്ച ഇന്ത്യക്കായി ഐസിസി യുഎഇയില്‍ കൂടി വേദിയൊരുക്കിയെന്നതും പാക് ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. മുന്‍ചാമ്പ്യന്‍മാരായ പാകിസ്താന്‍ സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരങ്ങളിലെങ്കിലും മികവ് കാട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ടീമിന്റെ ആരാധകര്‍. എന്നാല്‍ നിരാശാജനകമായ പ്രകടനത്തോടെ ഗ്രൂപ്പ് എ യില്‍ -1.087 എന്ന നെറ്റ് റണ്‍ റേറ്റോടെ പാകിസ്താന്‍ ഏറ്റവും പിന്നിലായിപോകുകയാണുണ്ടായത്. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ പാകിസ്ഥാന്റെ ഏറ്റവും മോശം ഫിനിഷാണിത്. അതേ സമയം ഇന്ത്യയാകട്ടെ ഓസ്ട്രേലിയയെയും ന്യൂസിലാന്റിനെയും തകര്‍ത്താണ് ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരായത്. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് പാക് മാധ്യമങ്ങളും ആരാധകരും പാക് ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ക്കും താരങ്ങള്‍ക്കുമെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്.