പെൺകുട്ടിയെ കാണാതായ പരാതി പോക്സോ കേസെന്ന ദിശയിൽ അന്വേഷിക്കണമായിരുന്നു; കാസർഗോഡ് 15 കാരിയുടെയും യുവാവിന്റെയും ആത്മഹത്യയിൽ ഹൈക്കോടതി
കാസർഗോഡ് പൈവളിഗയിൽ 15 വയസുകാരിയെയും 42 കാരനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി. പെൺകുട്ടിയെ കാണാതായെന്ന പരാതിയിൽ പോക്സോ കേസ് എടുത്ത് അന്വേഷണം നടത്താതിരുന്നതെന്തെന്നും കോടതി ചോദിച്ചു. ഇരുവരുടെയും മരണത്തിൽ അന്വേഷണത്തിന്റെ വിശദാംശങ്ങൾ രേഖാമൂലം അറിയിക്കാനാണ് പൊലീസിന് ഹൈക്കോടതി നൽകിയ നിർദ്ദേശം.
പൊലീസിനോട് ഉന്നയിച്ച ചോദ്യങ്ങളിൽ വിമർശന സ്വരമില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മരിച്ച കുട്ടിയുടെ കുടുംബത്തിന് വേണ്ടിയാണ് കോടതി സംസാരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായിക്കൊണ്ട് സമർപ്പിച്ച കേസ് ഡയറി പരിഗണിച്ചപ്പോൾ അന്വേഷണം നടന്നുവെന്ന് മനസ്സിലാകുന്നു, കേസ് ഡയറിയിൽ മോശമായി ഒന്നുമില്ലായെന്നും കോടതി പറഞ്ഞു.
അതേസമയം, പോക്സോ കേസിന്റെ ദിശയിൽ പൊലീസ് അന്വേഷണം നടത്തണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ മരണം കൊലപാതകം ആണോ എന്നതിലാണ് ആശങ്കയുള്ളതെന്നന്ന് ചൂണ്ടിക്കാട്ട് ഡിവിഷൻ ബെഞ്ച് കുട്ടിയുടെ അമ്മ നേരത്തെ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
പെൺകുട്ടിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തുന്നതിൽ വീഴ്ച സംഭവിച്ചു എന്നും പൊലീസിനോട് കോടതി പറഞ്ഞു. പെൺകുട്ടി ഒളിച്ചോടി പോയെന്ന വാദം അംഗീകരിക്കാനാകില്ലെന്നും സ്ത്രീകളെയും കുട്ടികളെയും കാണാതായെന്ന് പരാതി ലഭിച്ചാൽ ഉടനടി നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എംപി സ്നേഹ ലത എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മരിച്ച പെൺകുട്ടിയുടെ കുടുംബത്തിനൊപ്പമാണ് കോടതി എന്ന് പറഞ്ഞ് ഹൈക്കോടതി സംഭവത്തിൽ അതീവ ദുഃഖവും രേഖപ്പെടുത്തി.