KeralaTop News

‘പി പി ദിവ്യയെ പാര്‍ട്ടി സംരക്ഷിക്കണമായിരുന്നു, വേട്ടയാടാന്‍ ഇടംകൊടുത്തു’; സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം

Spread the love

സിപിഐഎം സംസ്ഥാന സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ പി പി ദിവ്യയ്ക്ക് വേണ്ടി വാദം. പി പി ദിവ്യയെ സംരക്ഷിക്കണമായിരുന്നുവെന്ന് ചര്‍ച്ചയില്‍ പ്രതിനിധികള്‍ പറഞ്ഞു. കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയെ വേട്ടയാടാന്‍ വിട്ടുകൊടുക്കരുതായിരുന്നെന്നാണ് ഒരു കൂട്ടം പ്രതിനിധികളുടെ അഭിപ്രായം.

രാവിലെ പി പി ദിവ്യയെ വിമര്‍ശിച്ചുകൊണ്ടാണ് ചര്‍ച്ചകള്‍ കൂടുതലും ഉയര്‍ന്ന് വന്നതെങ്കില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള വൈകീട്ടത്തെ പൊതുചര്‍ച്ചയില്‍ പി പി ദിവ്യയ്ക്ക് വേണ്ടിയാണ് വാദമുയര്‍ന്നത്. എറണാകുളത്ത് നിന്നുള്ള പ്രതിനിധിയാണ് പാര്‍ട്ടി പി പി ദിവ്യയെ സംരക്ഷിക്കണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടത്. നവീന്റെ മരണത്തില്‍ ദിവ്യ തെറ്റുകാരിയല്ലെന്ന സൂചനയാണ് വൈകീട്ടത്തെ ചര്‍ച്ചയില്‍ തെളിഞ്ഞത്. കണ്ണൂരിലെ ജില്ലാ സമ്മേളനത്തിലും സമാനമായ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ നവീന്റെ സെന്റോഫ് ചടങ്ങില്‍ കടന്നെത്തി ദിവ്യ നടത്തിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നാണ് അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞത്.

അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രാദേശിക പക്ഷപാതിത്വം എന്ന് വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രിക്ക് ശക്തമായ പിന്തുണ ലഭിച്ച ചര്‍ച്ചയില്‍ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. പിഎസ് സി അംഗങ്ങള്‍ക്ക് സ്വര്‍ണക്കരണ്ടിയില്‍ ശമ്പളം വാരിക്കോരി കൊടുക്കുമ്പോള്‍ ആശാവര്‍ക്കേഴ്‌സിന്റെ സമരം മറന്നുവെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.