KeralaTop News

ചോദ്യപേപ്പർ ചോർച്ച കേസ്; ഷുഹൈബിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Spread the love

ക്രിസ്മസ് ചോദ്യപേപ്പർ ചോർച്ച കേസിൽ മുഖ്യപ്രതി MS സൊല്യൂഷൻസ് CEO മുഹമ്മദ് ഷുഹൈബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതി കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഷുഹൈബിന്റെ അറസ്റ്റ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് എസ് പി കെ കെ മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന MS സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പത്താം ക്ലാസ്സ്, പ്ലസ് വൺ ചോദ്യപേപ്പറുകൾ ചേർന്നത്. മലപ്പുറം മേൽമുറി മഅദിൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്യൂൺ അബ്ദുൽ നാസർ, എം എസ് സൊല്യൂഷൻസിലെ അധ്യാപകനും മഅ്ദിൻ സ്കൂളിലെ മുൻ പ്രധാന അധ്യാപകനുമായ ഫഹദിന് ചോദ്യപേപ്പറുകൾ ഫോട്ടോയെടുത്ത് വാട്സാപ്പിൽ അയച്ചു നൽകുകയായിരുന്നു. ഈ ചോദ്യങ്ങളാണ് യൂട്യൂബ് ചാനലിലൂടെ കൃത്യമായി പ്രവചിച്ചിരുന്നത്. ഗൂഢാലോചനയുടെ ഭാഗമാണ് കേസെന്നും പിന്നിൽ പ്രമുഖ ട്യൂഷൻ സ്ഥാപനമാണെന്നുമായിരുന്നു ഷുഹൈബ് പറഞ്ഞിരുന്നത്.

കേസിൽ ഇന്നലെ റിമാൻഡിൽ ആയ അബ്ദുൾ നാസറിനെ വിശദമായ ചോദ്യം ചെയ്യലിനായി അന്വേഷണസംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ 2, 3 പ്രതികളായ ഫഹദ്, ജിഷ്ണു എന്നിവർക്ക് കോഴിക്കോട് ജില്ലാ കോടതി ജാമ്യം അനുവദിച്ചു.