100 പേജ് ബജറ്റ് സ്വന്തം കൈപ്പടയിൽ എഴുതി അവതരിപ്പിച്ച് ഛത്തീസ്‌ഗഡ് ധനമന്ത്രി ഒപി ചൗധരി; ഡിജിറ്റൽ കാലത്ത് സുതാര്യത ഉറപ്പാക്കുന്നതെന്ന് പ്രഖ്യാപനം
ചരിത്രത്തിൽ ആദ്യമായി കൈയെഴുത്ത് ബജറ്റ് അവതരിപ്പിച്ച് ഛത്തീസ്ഗഢ് ധനമന്ത്രി ഒ പി ചൗധരി. ഇന്നലെയാണ് നിയമസഭയിൽ 100 പേജുള്ള ബജറ്റ് അദ്ദേഹം അവതരിപ്പിച്ചത്. മന്ത്രി തന്നെ എഴുതിയതാണ് ബജറ്റ്. ഡിജിറ്റൽ കാലത്തെ പതിവ് രീതികളിൽ നിന്ന് മാറിയാണ് ധനമന്ത്രിയുടെ ബജറ്റ്.
ഡിജിറ്റൽ യുഗത്തിൽ കൈയെഴുത്ത് ബജറ്റ് അവതരിപ്പിക്കുന്നതിന് സവിശേഷമായ പ്രാധാന്യമുണ്ടെന്ന് ഒ പി ചൗധരി പറഞ്ഞു. പാരമ്പര്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ആധികാരികതയും സുതാര്യതയും ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ നിയമനിർമ്മാണ ചരിത്രത്തിൽ ഒരു പുതിയ മാതൃക സൃഷ്ടിക്കുന്നുവെന്നും ബജറ്റ് രേഖകളുടെ ആധികാരികതയിലും സമഗ്രതയിലും ഈ സംരംഭം പുതിയ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പൊതുജനവിശ്വാസം ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബജറ്റിൽ സംസ്ഥാനത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയാണ് റോഡ് വികസനത്തിനായി മാറ്റിവച്ചത്, 2500 കോടി. വ്യാവസായിക സബ്‌സിഡികൾ തീർപ്പാക്കുന്നതിനായി ബജറ്റ് 1,420 കോടി രൂപ നീക്കിവച്ചു. റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടിയിലെ സെസ് നീക്കം ചെയ്യുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണം, ദാരിദ്ര്യ നിർമാർജനം, അടിസ്ഥാന സൗകര്യ വികസന രംഗങ്ങളിൽ ശ്രദ്ധ പതിപ്പിച്ചാണ് ബജറ്റ് പ്രഖ്യാപനങ്ങൾ.