Tuesday, March 4, 2025
Latest:
KeralaTop News

സിനിമയുടെപ്രമോഷന് നായികമാര്‍ സഹകരിക്കുന്നില്ല, പരാതിയുമായി അണിയറ പ്രവര്‍ത്തകര്‍

Spread the love

സിനിമയുടെ പ്രമോഷന് സഹകരിക്കാത്ത നടിമാര്‍ക്കെതിരെ ആരോപണവുമായി അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തുന്നത് മലയാള സിനിമയില്‍ പതിവാകുന്നുവോ. കഴിഞ്ഞ ദിവസം സംവിധായകന്‍ ദീപുകരുണാകരനാണ് തന്റെ ചിത്രത്തില്‍ അഭിനയിച്ച നായിക നടി പ്രമോഷന് സഹകരിക്കുന്നില്ലെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. യുവനായിക അനശ്വര രാജനെതിരെയായടിരുന്നു ദീപുകരുണാകരന്റെ ആരോപണമെങ്കില്‍ ഇപ്പോഴിതാ അഹാന കൃഷ്ണകുമാറിനെതെരെയാണ് പുതിയ ആരോപണം.

അന്തരിച്ച തന്റെ ഭര്‍ത്താവിന്റെ സിനിമയുമായി നായിക നടിയായ അഹാനകൃഷ്ണകുമാര്‍ സഹകരിക്കുന്നില്ലെന്ന ആരോപണവുമായി സംവിധായകന്റെ ഭാര്യയാണ് രംഗത്തുവന്നിരിക്കുന്നത്. നാന്‍സി റാണിയെന്ന ചിത്രത്തിന്റെ സംവിധായകനായിരുന്ന ജോസഫ് മനു ജയിംസിന്റെ ഭാര്യ നൈനയാണ് വാര്‍ത്താ സമ്മേളനത്തില്‍ അഹാനയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

രണ്ട് വര്‍ഷം മുന്‍പാണ് ജോസഫ് മനുവിന്റെ അന്ത്യം സംഭവിച്ചത്. അതോടെ സിനിമ റിലീസ് ചെയ്യാന്‍ പറ്റിയില്ല. രണ്ട് വര്‍ഷത്തിന് ശേഷം എങ്ങിനെയെങ്കിലും സിനിമ പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ്താനെന്നും, എന്നാല്‍ നായിക നടിയായ അഹാന പ്രമോഷന്‍ കാര്യങ്ങള്‍ക്കായി തീരെ സഹകരിക്കുന്നില്ലെന്നും, മാനുഷിക പരിഗണനകള്‍ വച്ചുപോലും സഹകരിക്കാത്ത അവസ്ഥയാണെന്നുമാണ് നൈന ആരോപിക്കുന്നത്.

സിനിമയിലെ സഹതാരങ്ങളായ അജുവര്‍ഗീസ്, സോഹന്‍ സീനുലാല്‍, ദേവി അജിത്ത് എന്നിവര്‍ നൈനയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
അഹാനയും സംവിധായകനായിരുന്ന ജോസഫ് മനുവും തമ്മില്‍ ഷൂട്ടിംഗ് വേളയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. അതുകാരണമാണ് സിനിമയുടെ പ്രമോഷനുമായി സഹകരിക്കാത്തത്. സഹതാരങ്ങളും പി ആര്‍ ടീമും എല്ലാം അഹാനയുമായി ബന്ധപ്പെട്ട് പ്രമോഷന് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും താരം സഹകരിക്കുന്നില്ലെന്നാണ് ഉയരുന്ന ആരോപണം.

മിസ്റ്റര്‍ ആന്റ് മിസ് ബാച്ചിലര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍
ദീപു കരുണാകരനാണ് നടി അനശ്വര രാജനെതിരെ കഴിഞ്ഞ ദിവസം ആരോപണവുമായി രംഗത്തെത്തിയത്. അനശ്വര രാജനും ഇന്ദ്രജിത്തുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പ്രമോഷന്റെ ഭാഗമായി സാമൂഹ്യമാധ്യമങ്ങള്‍ ഒരു പോസ്റ്റര്‍ പങ്കുവെക്കാന്‍പോലും അനശ്വര രാജന്‍ തയ്യാറായില്ലെന്നും സഹതാരങ്ങള്‍ നിരവധി തവണ അനശ്വരയുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റയില്‍ പോസ്റ്റു പങ്കുവെക്കാന്‍ ആവശ്യപ്പെട്ടിട്ടും താരം താല്പര്യം കാണിച്ചില്ലെന്നുമായിരുന്നു സംവിധായകന്റെ ആരോപണം.