ട്രംപ് – സെലെൻസ്കി ചർച്ചയിൽ രൂക്ഷമായ വാക്പോര്; സംയുക്ത വാർത്താ സമ്മേളനം റദ്ദാക്കി
വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡൻറ് വ്ളോഡിമിർ സെലൻസ്കിയും തമ്മിൽ രൂക്ഷമായ വാക്പോര്. സെലൻസ്കിക്ക് സമാധാനം പുലരണമെന്ന് താൽപ്പര്യമില്ലെന്നും അനാദരവ് കാട്ടിയെന്നും ട്രംപും വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസും ആഞ്ഞടിച്ചു. വാൻസ് യുക്രൈൻ സന്ദർശിച്ചിട്ടുണ്ടോ എന്ന മറുചോദ്യം സെലസ്കി ഉന്നയിച്ചു.
യുക്രൈൻ പ്രസിഡൻറ് മൂന്നാംലോകയുദ്ധത്തിന് ശ്രമിക്കുകയാണെന്ന് ജെ ഡി വാൻസ് കുറ്റപ്പെടുത്തി.യുദ്ധം അവസാനിപ്പിക്കാൻ പുടിനോട് പറയണമെന്ന് ട്രംപിനോട് സെലൻസ്കി ആവശ്യപ്പെട്ടു. പുട്ടിൽ വിശ്വസിക്കാനാവുന്ന വ്യക്തിയല്ലെന്നും കൊലയാളിയോട് ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും വ്യക്തമാക്കിയ സെലെൻസ്കി, യുദ്ധം അവസാനിപ്പിക്കാൻ തയാറെങ്കിൽ ഉറപ്പുകൾ ലഭിക്കണമെന്നും ആവശ്യപ്പെട്ടു.
യുഎസ് ചെയ്ത സഹായങ്ങൾക്ക് നന്ദി വേണമെന്ന് സെലെൻസ്‌കിയോട് ട്രംപ് പറഞ്ഞു. ‘അമേരിക്കൻ ജനതയോട് ഞാൻ നിരവധി തവണ നന്ദി പറഞ്ഞിട്ടുണ്ട്’ – സെലെൻസ്‌കി പറഞ്ഞു. ധാതു സമ്പത്ത് കൈമാറൽ കരാറിൽ ഒപ്പിടാതെയാണ് സെലൻസ്കി മടങ്ങിയത്. വാക്പോര് ശക്തമായതിനെത്തുടർന്ന് സംയുക്ത വാർത്താ സമ്മേളനം റദ്ദാക്കിയതായി ട്രംപ് പ്രഖ്യാപിച്ചു.