Saturday, March 1, 2025
Latest:
KeralaTop News

അക്രമം നടത്തിയത് കരുതിക്കൂട്ടി; കുട്ടികൾ ആയുധങ്ങളുമായി സംഘടിച്ചത് ​ഗൗരവമുള്ള വിഷയം, കോഴിക്കോട് ഡിഡിഇ

Spread the love

കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്‍റെ മരണം ദുഃഖകരമെന്ന് കോഴിക്കോട് ഡിഡിഇ (വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ) സി മനോജ്‌ കുമാർ. കുട്ടികൾ തമ്മിൽ സാധാരണ പോലെ ഉണ്ടായ സംഘർഷമല്ല ഉണ്ടായത്. കരുതിക്കൂട്ടിയുണ്ടാക്കിയതാണ്. കുട്ടികൾ സംഘർഷം ഉണ്ടാക്കുന്ന തരത്തിൽ ട്യൂഷൻ സെന്ററിൽ പരിപാടി സംഘടിപ്പിച്ചതിനെ കുറിച്ച് ഗൗരവതരമായ രീതിയിൽ അന്വേഷണം നടത്തും.

ആയുധം ഉപയോഗച്ചു കൊണ്ടുള്ള ആക്രമണം ഗൗരവമായിട്ടാണ് കാണുന്നത്. ഭീകരമായ ആക്രമണം തന്നെ മുഹമ്മദ് ഷഹബാസിന് നേരിടേണ്ടി വന്നു. ട്യൂഷൻ സെന്ററിൽ സർക്കാർ സ്കൂൾ അധ്യാപകർ പഠിപ്പിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും ട്യൂഷൻ സെന്ററുകളുടെ മേൽ പൊതു വിദ്യാഭ്യാസ വകുപ്പിന് നേരിട്ട് നിയന്ത്രണമില്ല. ജെ ജെ ബോർഡിന്റെ നിരീക്ഷണം കൂടി വന്ന ശേഷം തുടർനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്.തുടർന്ന് ഗുരുതരമായി പരുക്കേറ്റ ഷഹബാസിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിക്കുകയായിരുന്നു.തുടർന്ന് ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്

നഞ്ചക്ക് കൊണ്ടുള്ള ആക്രമണത്തിലാണ് ഷഹബാസിന് പരുക്കേറ്റതെന്നാണ് പൊലീസ് പറയുന്നത്. ആരോപണ വിധേയരായ വിദ്യാർത്ഥികളുടെ വീട്ടിൽ പരിശോധന നടത്തി, ഗുഡാലോചനയിൽ മുതിർന്നവർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും കോഴിക്കോട് റൂറൽ എസ്പി കെ ഇ ബൈജു പറഞ്ഞു.
വിദ്യാർത്ഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ജൂവനിൽ ജെസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജരാക്കിയ വിദ്യാർത്ഥികളെ വെള്ളിമാട് കുന്നിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. ഇവർക്ക് ഈ വർഷത്തെ SSLC പരീക്ഷ എഴുതാൻ അവസരം ഉണ്ടാകും. മുതിർന്നവർ ഈ സംഘർഷത്തിൽ പങ്കാളികളായിട്ടുണ്ട് എന്നാണ് ഷഹബാസിന്റെ രക്ഷിതാക്കളുടെ ആരോപണം.

നഞ്ചക്ക് കൊണ്ട് തലയ്ക്കേറ്റ ക്ഷതമാണ് ഷഹബാസിന്റെ മരണകാരണമെന്നാണ് ഡോക്ടർമാർ നൽകുന്ന പ്രാഥമികവിവരം. ചെവിയുടേയും കണ്ണിന്റേയും ഭാ​ഗത്ത് പരുക്കുകളുണ്ട്. പുറമേയ്ക്ക് പരുക്കുകൾ കാണാനില്ലെന്നും ആന്തരികമായി ​ഗുരുതരമായ പരുക്കേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഫെയർവെൽ പാർട്ടി നടന്ന ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥിയായിരുന്നില്ല ഷഹബാസ്. സുഹൃത്ത് വന്നുവിളിച്ചപ്പോൾ ഷഹബാസ് കൂടെപ്പോവുകയായിരുന്നു. സുഹൃത്ത് തന്നെയാണ് അവശനിലയിലുള്ള ഷഹബാസിനെ വീട്ടിൽക്കൊണ്ടുവിട്ടത്.