KeralaTop News

‘ഏറെ ദുഃഖകരമായ സംഭവം’; പത്താം ക്ലാസുകാരന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്

Spread the love

കോഴിക്കോട് താമരശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിൽ മരിച്ച പത്താം ക്ലാസുകാരന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടർ വിശദമായ വകുപ്പുതല അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഏറെ ദുഃഖകരമായ സംഭവമാണ് ഉണ്ടായതെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം താമരശേരിയിലെ പത്താം ക്ലാസുകാരന്റെ മരണത്തിൽ ആക്രമിച്ച വിദ്യാർത്ഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തും. പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ ഇന്നലെ രക്ഷിതാക്കൾക്കൊപ്പം വിട്ടിരുന്നു. വിദ്യാർത്ഥി മരിച്ചതിനെ തുടർന്നാണ് ആക്രമിച്ചവർക്കെതിരെ കൊലക്കുറ്റം ചുമത്താൻ പൊലീസ് തീരുമാനം. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ രാത്രി 12.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
ഫെയർവെൽ ആഘോഷവുമായി ബന്ധപ്പെട്ട തർ‌ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷൽത്തിൽ ഷഹബാസിന് ​ഗുരുതരമായി പരുക്കേറ്റിരുന്നു. തലച്ചോറിന് 70% ക്ഷതം ഏറ്റ കുട്ടി കോമയിലായിരുന്നു. ക്രൂരമർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നിരുന്നു. കൂടുതൽ‌ പേരെ സംഭവത്തിൽ കസ്റ്റഡിയിലെടുക്കും. മൂന്ന് തവണയാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്.

ആദ്യത്തെ സ്ഥലത്ത് വെച്ച് നടന്ന സംഘർഷത്തിലാണ് മുഹമ്മദ് ഷഹബാസിന് ക്രൂരമായി മർദനമേറ്റത്. വട്ടം ചേർന്ന് മർദിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നു. നഞ്ചക്ക്, ഇടിവള പോലുള്ള ആയുധങ്ങളുമായെത്തിയായിരുന്നു മർദനം. കസ്റ്റഡിയിലുള്ള അ‍ഞ്ച് വിദ്യാർത്ഥികളിൽ മൂന്ന് പേർ നേരത്തെ ചില കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നവരായിരുന്നുവെന്ന് പൊലീസ് പറയുന്നു.