Top NewsWorld

ഗസ്സ വെടിനിർത്തൽ; ആദ്യഘട്ടം നാളെ അവസാനിക്കും; രണ്ടാം ഘട്ട ചർച്ചകൾ ആരംഭിച്ചു

Spread the love

ഗസ്സ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം നാളെ അവസാനിക്കും. ഹമാസ് 33 ബന്ദികളേയും ഇസ്രയേൽ ആയിരത്തിലേറെ പലസ്തീൻ തടവുകാരെയും കരാറിന്റെ ഭാഗമായി മോചിപ്പിച്ചു. ഇനിയും 59 പേരെയാണ് ഹമാസ് വിട്ടയയ്ക്കാനുള്ളത്.ഇതിൽ 32 പേർ മരിച്ചുവെന്നാണ് ഇസ്രയേൽ പറയുന്നത്. മരിച്ചവരിൽ ഒൻപത് സൈനികരുമുണ്ട്.

രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയിൽ ആരംഭിച്ചു. ഹമാസ് പ്രതിനിധികളും ഇസ്രയേൽ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ടെന്ന് ഈജിപ്ത് വ്യക്തമാക്കി. റെഡ് ക്രോസില്‍ നിന്നും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം ഡിഎന്‍എ ടെസ്റ്റുകള്‍ നടത്തുമെന്ന് ഇസ്രയേല്‍ അറിയിച്ചു. അതേസമയം ഇസ്രയേല്‍ മോചിപ്പിച്ച തടവുകാര്‍ വെസ്റ്റ് ബാങ്കിലെത്തിയപ്പോള്‍ അവര്‍ക്ക് അതിവൈകാരികമായ സ്വീകരണമാണ് ലഭിച്ചത്. റാമല്ല കള്‍ച്ചറല്‍ പാലസിലെ ചെക്ക് പോയിന്റില്‍ പലസ്തീനികളുമായി ബസെത്തിയപ്പോള്‍ തന്നെ നൂറുകണക്കിനാളുകളാണ് ബസിനെ വരവേല്‍ക്കാന്‍ തടിച്ചുകൂടിയത്.

ബന്ദികളോട് ഹമാസ് മോശമായാണ് പെരുമാറുന്നതെന്ന് ആരോപിച്ച് 600-ലേറെ തടവുകാരുടെ മോചനം ഇസ്രയേല്‍ വൈകിപ്പിച്ചിരുന്നു. എന്നാല്‍ ഇത് വെടിനിര്‍ത്തല്‍ കരാറിന്റെ ഗുരുതരമായ ലംഘനമാണെന്നും ഇങ്ങനെയാണെങ്കില്‍ രണ്ടാംഘട്ട ചര്‍ച്ചകള്‍ സാധ്യമാകില്ലെന്നും ഹമാസ് അറിയിച്ചിരുന്നു. രണ്ടാം ഘട്ട ചർച്ചകൾ യുദ്ധം അവസാനിപ്പിക്കുക, ഗാസയിൽ അവശേഷിക്കുന്ന എല്ലാ ബന്ദികളെ മോചിപ്പിക്കുക, മേഖലയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുന്നത് ഉറപ്പാക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.

ചർച്ചകൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, വെടിനിർത്തൽ കരാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഗാസ മുനമ്പിലെ ഒരു പ്രധാന ഇടനാഴിയിൽ നിന്ന് രാജ്യം പിന്മാറില്ലെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ പറഞ്ഞു. ഹമാസിൻ്റെ ഭരണ-സൈനിക ശേഷി ഇല്ലാതാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലക്ഷ്യമിടുന്നതിനാൽ ഒരു കരാറിലെത്തുന്നത് വെല്ലുവിളിയായി തുടരുന്നുണ്ട്.