നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് ജാമ്യമില്ല
പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയുടെ ജാമ്യഹര്‍ജി തള്ളി. ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യ ഹര്‍ജി തള്ളിയത്. ചെന്താമരയെ പുറത്തുവിട്ടാല്‍ നാട്ടുകാരില്‍ പലരുടേയും ജീവന് ഭീഷണിയാകുമെന്ന വാദമാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ചിരുന്നത്. കഴിഞ്ഞ ദിവസം തന്നെ വാദം പൂര്‍ത്തിയായിരുന്നു.
തന്റെ അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്നായിരുന്നു ചെന്താമരയുടെ അഭിഭാഷകന്റെ വാദം. താനാണ് കൊലപാതകം നടത്തിയതെന്ന കുറ്റസമ്മത മൊഴി നല്‍കിയിട്ടില്ലെന്നും പൊലീസ് അതെല്ലാം എഴുതി ചേര്‍ത്ത് ഒപ്പുവെപ്പിച്ചതാണെന്നും ചെന്താമര കോടതിയില്‍ വാദിച്ചു. എന്നാല്‍ ചെന്താമരയുടെ വാദങ്ങളെ പ്രോസിക്യൂഷന്‍ നിരസിക്കുകയാണ് ഉണ്ടായത്. കൊലപാതകത്തിന് ശേഷം ആയുധവുമായി ചെന്താമര ഇറങ്ങി പോകുന്നത് കണ്ട സാക്ഷികള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. സജിത കേസില്‍ ചെന്താമരയുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.
2025 ജനുവരി 27നായിരുന്നു പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. അയല്‍വാസി കൂടിയായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയായിരുന്നു ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമരയുടെ വിശ്വാസം.
ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയായിരുന്നു സുധാകരനെയും ലക്ഷ്മിയെയും ചെന്താമര കൊന്നത്. ഇരട്ടക്കൊലയ്ക്ക് ശേഷം ഇയാള്‍ കാട്ടിലേയ്ക്ക് കടന്നിരുന്നു. 29ന് പുലര്‍ച്ചെയാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്.